19/10/2026
[fontresizer_tawhidurrahmandear_widget]

‘കേരളത്തിന്റെ ഭാവി മുന്നിൽ കണ്ടാണ് ഭൂമി ഏറ്റെടുത്തത്’: വിമർശനങ്ങൾക്ക് മറുപടിയുമായി പിണറായി വിജയൻ

 ‘കേരളത്തിന്റെ ഭാവി മുന്നിൽ കണ്ടാണ് ഭൂമി ഏറ്റെടുത്തത്’: വിമർശനങ്ങൾക്ക് മറുപടിയുമായി പിണറായി വിജയൻ

കണ്ണൂർ: കിഫ്ബി ഫണ്ട് ഉപയോഗിച്ച് കണ്ണൂരിൽ കിൻഫ്രയ്ക്കായി ഭൂമി ഏറ്റെടുത്തത് സംസ്ഥാനത്തിന്റെ ഭാവി വികസനം മുന്നിൽ കണ്ടുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ. പദ്ധതിക്കെതിരെ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമാനത്താവളങ്ങൾക്കും തുറമുഖങ്ങൾക്കും സമീപമാണ് നിലവിൽ വികസന സാധ്യതകൾ കൂടുതൽ. കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ കണ്ണൂരിനടുത്താണ് കൂടുതൽ ഭൂലഭ്യതയുള്ളതെന്നും അതുകൊണ്ടാണ് അവിടെ സ്ഥലം ഏറ്റെടുത്തതെന്നും പിണറായി ചൂണ്ടിക്കാട്ടി. സ്ഥലം ഏറ്റെടുക്കലിന് അഞ്ചിരട്ടി തുക ചെലവഴിച്ചെന്ന ആരോപണം തെറ്റാണ്. കിഫ്ബിയുടെ പണമെടുത്ത് നേരിട്ട് നൽകുകയല്ല, മറിച്ച് പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചാണ് നടപടികൾ പൂർത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി വി.ഡി സതീശൻ വിഷയത്തിൽ തെറ്റായ വാദങ്ങൾ ഉന്നയിക്കുകയാണെന്നും, സർക്കാരിന്റെ താല്പര്യമനുസരിച്ചാണ് കമ്മീഷൻ റിപ്പോർട്ട് നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പിലെ താൽക്കാലിക തിരിച്ചടികളിൽ നിരാശരല്ലെന്നും തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിഷയത്തിൽ സർക്കാരിനും വിദഗ്ധ സമിതിക്കുമെതിരെ എം.പി ജോൺ ബ്രിട്ടാസും രംഗത്തെത്തി. വിദഗ്ധ സമിതിക്ക് ഇന്ത്യയെക്കുറിച്ച് ബോധ്യമില്ലെന്നും കണ്ണൂരിലെ വികസനത്തെ സംശയനിഴലിൽ നിർത്തുന്ന പ്രസ്താവനകൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വിമർശിച്ചു.

Also read: