‘ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് മറക്കാനാകില്ല, എല്ലാവർക്കും ഒരേപോലെയാകാൻ കഴിയില്ല’: മാത്യു കുഴൽനാടൻ
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പിണറായി വിജയൻ സർക്കാർ വേട്ടയാടിയത് കോൺഗ്രസ് പ്രവർത്തകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ കടന്നുവന്ന രാഷ്ട്രീയ വഴികൾ ആരും മറക്കരുതെന്നും പറയേണ്ട കാര്യങ്ങൾ പാർട്ടി വേദിയിൽ തുറന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അധികാരം ദുരുപയോഗം ചെയ്താണ് ഉമ്മൻ ചാണ്ടിയെ വിചാരണ ചെയ്തതെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു. ജസ്റ്റിസ് ശിവരാജൻ കമ്മീഷനു മുന്നിൽ അദ്ദേഹം ഇരിക്കുന്ന ചിത്രം ഇന്നും കാണുമ്പോൾ വൈകാരിക ബുദ്ധിമുട്ടുണ്ടാകും. ഒരു തെറ്റും ചെയ്യാത്ത മനുഷ്യനെ ലോകത്തിനു മുന്നിൽ കുറ്റവാളിയെപ്പോലെ ഇരുത്തി വിചാരണ ചെയ്ത വേദന എളുപ്പത്തിൽ മറക്കാൻ കഴിയില്ലെന്നും അന്നത്തെ അധികാരികൾ ചെയ്തത് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി നേതാക്കളുടെ വ്യത്യസ്ത നിലപാടുകളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. എല്ലാവർക്കും ഒരേ അച്ചിൽ വാർത്തതുപോലെ രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനാകില്ല. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിൽ അക്രമരാഷ്ട്രീയത്തിനിടയിലാണ് കെ. സുധാകരൻ പ്രവർത്തിച്ചത്. ചുറ്റും നിന്നവരെ നഷ്ടപ്പെട്ടത് കണ്ടതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ അത്ര തീവ്രമാകുന്നത്. പിണറായി വിജയനെതിരായ നടപടികളിൽ തന്റെ അഭിപ്രായം മുഖ്യമന്ത്രിയും മന്ത്രിമാരും ഇരുന്ന പാർട്ടി വേദിയിൽ തുറന്നു പറഞ്ഞിട്ടുണ്ടെന്നും, അതെല്ലാം ജനാധിപത്യപരമായി കാണുന്നുവെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.