തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ പരാതിയിൽ നടപടിയെടുക്കാതെ ക്യാബിനറ്റ് സെക്രട്ടേറിയറ്റ്; ആർടിഐ രേഖകൾ പുറത്ത്
ന്യൂഡൽഹി: ഇലക്ഷൻ കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിനെതിരെ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ നൽകിയ പരാതികളിൽ നടപടിയെടുക്കാതെ ക്യാബിനറ്റ് സെക്രട്ടേറിയറ്റ്. വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ മനീഷ് ഗാർഗിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയുമാണ് കാബിനറ്റ് സെക്രട്ടറി ടി.വി സോമനാഥന് പരാതി നൽകിയത്. കമ്മീഷനുമായോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായോ മുൻകൂട്ടി ചർച്ച ചെയ്യാതെയും അംഗീകാരം വാങ്ങാതെയും മുതിർന്ന ഉദ്യോഗസ്ഥരുടെ ജോലി വിഭജന ഉത്തരവ് ഗാർഗ് പുറപ്പെടുവിച്ചെന്നാണ് ആരോപണം. ഇത് 2023-ലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമത്തിന്റെ ലംഘനമാണെന്നും കമ്മീഷണർമാർ ചൂണ്ടിക്കാട്ടി.
എന്നാൽ, ഈ കത്തുകൾ കമ്മീഷണർമാരുടെ വ്യക്തിഗത ശേഷിയിൽ ഉള്ളതാണെന്നും കമ്മീഷനിൽ നിന്ന് മൊത്തത്തിൽ ഔദ്യോഗിക ആശയവിനിമയമൊന്നും ഇല്ലാത്ത സാഹചര്യത്തിൽ നടപടിയെടുക്കുന്നത് അനുചിതമാണെന്നും ക്യാബിനറ്റ് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ ഇലക്ഷൻ കമ്മീഷന്റെ പ്രവർത്തനങ്ങളിലുള്ള എക്സിക്യൂട്ടീവ് ഇടപെടലായി ഇത് വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഇതിന് നൽകിയ വിശദീകരണം.
അതേസമയം, ഉദ്യോഗസ്ഥന്റെ ഭാവി തീരുമാനങ്ങളിൽ ഈ വിഷയം കണക്കിലെടുക്കാൻ പേഴ്സണൽ ആൻഡ് ട്രെയിനിങ് വകുപ്പിന് ക്യാബിനറ്റ് സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്. വിവരാവകാശ പ്രവർത്തകൻ കൊമോഡോർ ലോകേഷ് കെ. ബത്രയ്ക്കാണ് (റിട്ട.) ഇത് സംബന്ധിച്ച മറുപടി ലഭിച്ചത്.