‘ബിജെപി നേതാക്കൾ പണ്ടും ഇപ്പോഴും പൈസ വാങ്ങാറുണ്ട്, അങ്ങനെയല്ലേ പാർട്ടി പ്രവർത്തനം നടത്തേണ്ടത്’: വി. മുരളീധരൻ
തിരുവനന്തപുരം: ബിജെപി നേതാക്കൾ പണ്ടും ഇപ്പോഴും പണം വാങ്ങാറുണ്ടെന്നും എന്നാൽ അത് പൊതുസമൂഹത്തിൽ നിന്ന് പിരിച്ച് പാർട്ടി പ്രവർത്തനം നടത്തുന്നതിനാണെന്നും ബിജെപി നേതാവ് വി. മുരളീധരൻ. രാഷ്ട്രീയ പ്രവർത്തനം നടത്താൻ എല്ലാ പാർട്ടികളും ജനങ്ങളിൽ നിന്ന് പണം സമാഹരിക്കാറുണ്ട്. എന്നാൽ ബിജെപി അതിൻ്റെ കൃത്യമായ കണക്കുകൾ സൂക്ഷിക്കുകയും ഓഡിറ്റ് ചെയ്‌ത് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശശിധരൻ കർത്തയുടെ ഡയറിയിലെ വിവരങ്ങൾ പുറത്തുവിട്ട സംഭവത്തിൽ ഷോൺ ജോർജിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിട്ടില്ലെന്നും ഇനി കൊടുക്കാൻ ഉദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഷോൺ തങ്ങളുടെ സഹപ്രവർത്തകനാണെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം, സിഎംആർഎൽ-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ ഉയർന്ന ആരോപണങ്ങളിലും അദ്ദേഹം പ്രതികരിച്ചു. ബിജെപിയുടെ ഫണ്ട് പിരിവും സിഎംആർഎൽ വിഷയവും തികച്ചും വ്യത്യസ്തമാണ്. ഇത് വെറും പാർട്ടി ഫണ്ട് പിരിവല്ല, മറിച്ച് കള്ളപ്പണം വെളുപ്പിക്കലും അഴിമതിയുമാണെന്ന് വി. മുരളീധരൻ കുറ്റപ്പെടുത്തി.