രാഹുൽ ഗാന്ധിയുടെ ഒറ്റ ഫോൺ കോൾ; ബിജെപിയിൽ ചേരാനുള്ള തീരുമാനം മാറ്റി മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ്
മുംബൈ: ബിജെപിയിൽ ചേരാനുള്ള നീക്കത്തിൽ നിന്ന് മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ രാഹുൽ ബോന്ദ്ര അവസാന നിമിഷം പിന്മാറി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചതോടെയാണ് പാർട്ടി വിടാനുള്ള തീരുമാനം അദ്ദേഹം തിരുത്തിയത്.
ബുൽദാന ജില്ലയിലെ ചിഖ്‌ലി മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎയായ ബോന്ദ്ര, ബിജെപിയിൽ ചേരുമെന്ന് ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്. മുംബൈയിലെ ബിജെപി ആസ്ഥാനത്ത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സംസ്ഥാന പ്രസിഡന്റ് രവീന്ദ്ര ചവാൻ എന്നിവരുടെ സാന്നിധ്യത്തിൽ ഇന്നലെ ഔദ്യോഗികമായി അംഗത്വം എടുക്കാനായിരുന്നു തീരുമാനം.
എന്നാൽ തിങ്കളാഴ്ച രാത്രി മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർധൻ സപ്‌കൽ വഴി രാഹുൽ ഗാന്ധി ബോന്ദ്രയുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. യാതൊരുവിധ സമ്മർദങ്ങൾക്കും വഴങ്ങരുതെന്നും, മാനസികമായി തളർത്തി പാർട്ടിയിൽ നിന്ന് പുറത്തെത്തിക്കാനുള്ള ബിജെപിയുടെ കെണിയിൽ വീഴരുതെന്നും രാഹുൽ ഉപദേശിച്ചു. തോൽവിയാണ് വിജയത്തിന്റെ അടിത്തറയെന്നും അദ്ദേഹം ഓർമിപ്പിച്ചു.
രാഹുൽ ഗാന്ധിയുടെ വാക്കുകളിൽ വികാരഭരിതനായ ബോന്ദ്ര, ഏതൊരു സാഹചര്യത്തിലും കോൺഗ്രസിനൊപ്പം തന്നെ ഉറച്ചുനിൽക്കുമെന്ന് ഉറപ്പുനൽകി. ഇരു നേതാക്കളും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ നിലവിൽ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.