26/09/2026
[fontresizer_tawhidurrahmandear_widget]

‘ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ നിർബന്ധിച്ചു’; ഗ്യാനേഷ് കുമാറിനെതിരെ നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

 ‘ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ നിർബന്ധിച്ചു’; ഗ്യാനേഷ് കുമാറിനെതിരെ നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഗ്യാനേഷ് കുമാർ തന്നോട് ആവശ്യപ്പെട്ടിരുന്നതായി ജിജി തോംസൺ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ പക്ഷപാതിത്വവും ഏകാധിപത്യ പ്രവണതയും ആരോപിക്കപ്പെട്ട് ഗ്യാനേഷ് കുമാർ കടുത്ത രാഷ്ട്രീയ വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ തുറന്നുപറച്ചിൽ.

താൻ കേരള ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന 2015-16 കാലഘട്ടത്തിലായിരുന്നു സംഭവമെന്ന് ജിജി തോംസൺ വ്യക്തമാക്കുന്നു. ഡൽഹിയിലേക്കുള്ള ഒരു വിമാനയാത്രയ്ക്കിടെയാണ് ഈ വിഷയം സംസാരിച്ചത്. ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാൻ അദ്ദേഹം തന്നെ ഏറെ നിർബന്ധിച്ചെങ്കിലും അപ്പോൾത്തന്നെ താൻ ആ നിർദേശം സ്നേഹപൂർവം നിരസിക്കുകയായിരുന്നുവെന്നും ജിജി തോംസൺ വ്യക്തമാക്കി.

കേരള കേഡറിലെ 1988 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ, ഭരണഘടനാ പദവിയിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തലവനായിരിക്കെ കടുത്ത രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് മുതിർന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. എസ്.ഐ.ആർ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പല ഏകപക്ഷീയ തീരുമാനങ്ങൾക്കുമെതിരെ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തിയെന്ന വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെ, പ്രതിപക്ഷ കക്ഷികൾ രാജ്യവ്യാപക പ്രതിഷേധത്തിലാണ്. ഈ രാഷ്ട്രീയ കോളിളക്കങ്ങൾക്കിടെയാണ് കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയുടെ തുറന്നുപറച്ചിൽ ഗ്യാനേഷ് കുമാറിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

Also read: