21/07/2026
[fontresizer_tawhidurrahmandear_widget]

ഫലസ്തീന് ഐക്യരാഷ്ട്രസഭയിൽ പൂർണ അംഗത്വം നൽകണമെന്ന് ഇന്ത്യ

 ഫലസ്തീന് ഐക്യരാഷ്ട്രസഭയിൽ പൂർണ അംഗത്വം നൽകണമെന്ന് ഇന്ത്യ

ന്യൂഡൽഹി: ഫലസ്തീന് ഐക്യരാഷ്ട്രസഭയിൽ പൂർണ അംഗത്വം നൽകണമെന്ന ആവശ്യത്തിന് ശക്തമായ പിന്തുണയറിയിച്ച് ഇന്ത്യ. ഇസ്രയേലും ഫലസ്തീനും സമാധാനപരമായും സുരക്ഷിതമായും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് നിലകൊള്ളുന്ന ‘ദ്വിരാഷ്ട്ര പരിഹാര’ നയത്തോടുള്ള തങ്ങളുടെ ദീർഘകാല പ്രതിബദ്ധതയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. ബ്രസൽസിൽ നടന്ന ഫലസ്തീൻ ദാതാക്കളുടെ കൂട്ടായ്മയുടെ മന്ത്രിതല യോഗത്തിലാണ് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി പ്രിയ രംഗനാഥൻ ഇന്ത്യയുടെ ഈ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. യൂറോപ്യൻ യൂണിയൻ, വിവിധ അംഗരാജ്യങ്ങൾ, അന്താരാഷ്ട്ര പങ്കാളികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ പ്രതിനിധികൾ പങ്കെടുത്ത ഈ യോഗത്തിൽ ഫലസ്തീൻ അതോറിറ്റിക്കുള്ള സാമ്പത്തിക സഹായത്തെക്കുറിച്ചും പൗരന്മാർക്ക് മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു.

ഫലസ്തീൻ ജനതയുടെ വിശ്വസ്തനായ പങ്കാളിയാണ് ഇന്ത്യയെന്ന് വ്യക്തമാക്കിയ സെക്രട്ടറി, അവിടെ നടപ്പിലാക്കിവരുന്ന ആരോഗ്യ മേഖലയിലെയും വിദ്യാഭ്യാസ മേഖലയിലെയും വലിയ പദ്ധതികളെക്കുറിച്ചും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. ഇതിനുപുറമേ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, പുനരധിവാസം, തൊഴിലധിഷ്ഠിത പരിശീലനം എന്നിവ ലക്ഷ്യമിട്ട് നിരവധി പുതിയ പദ്ധതികൾ കൂടി ഇന്ത്യ യോഗത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ഐക്യരാഷ്ട്രസഭയിൽ വോട്ടവകാശമില്ലാത്ത സ്ഥിരം നിരീക്ഷക പദവി മാത്രമുള്ള ഫലസ്തീന് പൂർണ്ണ അംഗത്വം നൽകാനുള്ള ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നത് മേഖലയിലെ പ്രശ്‌നങ്ങൾക്ക് സമാധാനപരമായ ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താൻ സഹായിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നത്.

Also read: