വൈരം മറന്ന് ഒന്നിക്കാൻ ഹമാസും ഫതഹും; ഐക്യ ഫലസ്തീൻ രാഷ്ട്രത്തിനായി ലയനത്തിലേക്ക്? | Dahlan to Reconcile Hamas Fatah and PIJ
ഗസ്സ സിറ്റി: ഫലസ്തീനിലെ വിവിധ രാഷ്ട്രീയ പാർട്ടികൾക്കും സായുധ വിഭാഗങ്ങൾക്കും ഇടയിലുള്ള ദീർഘകാല ആഭ്യന്തര തർക്കങ്ങൾ അവസാനിപ്പിച്ച് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തിനായി സുപ്രധാന നീക്കം(Dahlan to Reconcile Hamas Fatah and PIJ). പുതിയ രാഷ്ട്രീയ ഫോർമുലയുമായി മുൻ ഫതഹ് നേതാവ് മുഹമ്മദ് ദഹ്ലാൻ ആണ് രംഗത്തെത്തിയിരിക്കുന്നത്. ഫതഹ് ഡെമോക്രാറ്റിക് റിഫോം പക്ഷത്തിന്റെ നേതൃത്വത്തിലാണ് ഹമാസ്, ഫതഹ്, ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് എന്നീ സംഘടനകളെ ഒരൊറ്റ കുടക്കീഴിൽ അണിനിരത്താനുള്ള നയരേഖ തയ്യാറാക്കിയിരിക്കുന്നത്.
ദഹ്ലാന്റെ നയരഖേയിലെന്ത്? | Dahlan to Reconcile Hamas Fatah and PIJ
ആഭ്യന്തര രാഷ്ട്രീയ പോരാട്ടങ്ങളിൽ തളരുന്നതിന് പകരം രാഷ്ട്രനിർമാണത്തിന് മുൻഗണന നൽകുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന രേഖയിലെ വിവരങ്ങൾ പുറത്തുവന്നു. പരസ്പര വിദ്വേഷവും ആഭ്യന്തര രക്തച്ചൊരിച്ചിലും ഫലസ്തീന്റെ ദേശീയ താൽപര്യങ്ങൾക്ക് വലിയ പരിക്കേൽപ്പിച്ചുവെന്ന വിലയിരുത്തലോടെയാണ് ദഹ്ലാന്റെ പുതിയ നീക്കം. ഹമാസ്, ഇസ്ലാമിക് ജിഹാദ്, ഫലസ്തീൻ അതോറിറ്റി എന്നിവരുമായി ആഴത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും ഒരു വിഭാഗത്തെയും പൂർണമായി ഇല്ലാതാക്കാൻ ആർക്കും അവകാശമില്ലെന്ന് ദഹ്ലാൻ ചൂണ്ടിക്കാട്ടുന്നു. പരസ്പരം ബലഹീനരാക്കാനുള്ള നീക്കങ്ങളിൽനിന്ന് പിന്മാറി മാതൃരാജ്യത്തെ സംരക്ഷിക്കാനും ദേശീയപദ്ധതി നടപ്പാക്കാനും എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നാണ് നയരേഖ വ്യക്തമാക്കുന്നത്.
ഫലസ്തീൻ ജനതയുടെ അവകാശങ്ങളും അന്തസ്സും പൂർണമായി സംരക്ഷിക്കുക, സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക, ഭരണതീരുമാനങ്ങളിൽ ജനങ്ങളെ പങ്കാളികളാക്കുക എന്നിവയാണ് മുന്നോട്ടുവെക്കുന്ന പ്രധാന ആശയങ്ങൾ. അധികാരം പിടിച്ചെടുക്കാനുള്ള സായുധ പോരാട്ടങ്ങളും പ്രതികാര രാഷ്ട്രീയവും അവസാനിപ്പിക്കാൻ എല്ലാ കക്ഷികളും ബാധ്യസ്ഥരാണെന്നും രേഖയിൽ അടിവരയിടുന്നു.
ആഭ്യന്തര രാഷ്ട്രീയത്തിൽ അധികാരം നിർണയിക്കുന്നത് ആയുധങ്ങളോ ബലപ്രയോഗമോ ആകരുത്. ആഭ്യന്തര പോരാട്ടങ്ങൾ ഒരു ദേശീയ കുറ്റകൃത്യമാണെന്നും അത് ആർക്കും ഭരണപരമായ നിയമസാധുത നൽകില്ലെന്നും ദഹ്ലാൻ വ്യക്തമാക്കുന്നു. ഭരണകൂടം എന്നത് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം ഇടമാകരുത്, മറിച്ച് എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുന്ന നിഷ്പക്ഷ കേന്ദ്രമായിരിക്കണം.
നീതിന്യായ വ്യവസ്ഥ, സുരക്ഷാ സംവിധാനം, ഭരണനിർവഹണം, പൊതുമേഖലാ നിയമനങ്ങൾ എന്നിവയിൽ ഏതെങ്കിലും ഒരു പാർട്ടിയുടെ സമ്പൂർണ ആധിപത്യം അനുവദിക്കാനാവില്ല. രാഷ്ട്രീയ പാർട്ടികളുടെ നിലനിൽപ്പിനെയോ അവരുടെ ചരിത്രപരമായ പ്രാധാന്യത്തെയോ തള്ളിക്കളയുന്നില്ലെങ്കിലും ഭരണകൂടവും പാർട്ടികളും തമ്മിലുള്ള ബന്ധത്തിൽ വ്യക്തമായ പരിഷ്‌കരണം അനിവാര്യമാണെന്ന് രേഖ ആവശ്യപ്പെടുന്നു.
സംഘർഷത്തിൽനിന്ന് മധ്യസ്ഥതയിലേക്ക് | Dahlan to Reconcile Hamas Fatah and PIJ
മുൻപ് ഹമാസുമായി കടുത്ത രാഷ്ട്രീയ പോരിലായിരുന്ന മുഹമ്മദ് ദഹ്ലാന്റെ ഇപ്പോഴത്തെ അനുരഞ്ജന നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടുന്നുണ്ട്. ഗസ്സയിൽ ഫതഹിന്റെ സുരക്ഷാ വിഭാഗം മേധാവിയായും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുള്ള ദഹ്ലാൻ, ഫലസ്തീൻ അതോറിറ്റിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് 2011 മുതൽ യുഎഇയിലാണ് കഴിയുന്നത്.
സമീപകാലത്തായി കെയ്‌റോയിൽ ഹമാസ് പ്രതിനിധികളുമായി ദഹ്ലാൻ നിരന്തര ചർച്ചകൾ നടത്തിവരികയാണ്. ഫതഹ് വിമത വിഭാഗത്തിന്റെ വക്താവായ ദിമിത്രി ദിലിയാനിയുടെ നേതൃത്വത്തിലുള്ള സംഘം എല്ലാ ഫലസ്തീൻ കക്ഷികളുമായും ആശയവിനിമയം നടത്തുന്നുണ്ട്. യുഎഇയുടെ ഉപദേശക പദവിയിലിരുന്ന് ഗസ്സയിലേക്ക് ദശലക്ഷക്കണക്കിന് ഡോളറിന്റെ ജീവകാരുണ്യ സഹായങ്ങൾ എത്തിക്കാൻ സാധിച്ചത് ദഹ്ലാന് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തു.
ഫലസ്തീൻ അതോറിറ്റിയിലെ അഴിമതിയും സാമ്പത്തിക പരാജയങ്ങളും സമൂഹത്തെ ഗുരുതരമായി ബാധിച്ചുവെന്നും സമ്പൂർണ സാമ്പത്തിക രാഷ്ട്രീയ പരിഷ്‌കരണങ്ങൾ അനിവാര്യമാണെന്നും ദിമിത്രി ദിലിയാനി വ്യക്തമാക്കി. വരാനിരിക്കുന്ന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിലൂടെ ജനങ്ങളുടെ വിധി തേടി ഭരണം കൈമാറുന്ന ജനാധിപത്യ രീതിയാണ് നടപ്പാക്കേണ്ടത്.
അധികാരം വീതിച്ചെടുക്കുന്ന സ്ഥിരം രീതിക്ക് പകരം ജനങ്ങളുടെ ഭൂരിപക്ഷ താല്പര്യം പ്രതിഫലിക്കുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നത്. യുദ്ധം പ്രഖ്യാപിക്കാനോ സമാധാന കരാറുകൾ ഉണ്ടാക്കാനോ ഉള്ള അധികാരം ഒരു പ്രത്യേക വിഭാഗം മാത്രമായി ഏകപക്ഷീയമായി തീരുമാനിക്കുന്ന രീതി മാറണമെന്നും കൂട്ടായ തീരുമാനങ്ങളാണ് ഇനി ഉണ്ടാകേണ്ടതെന്നും ദഹ്ലാൻ പക്ഷം നിലപാടെടുക്കുന്നു.
ഇസ്രയേൽ അധിനിവേശവും പ്രതിരോധവും | Dahlan to Reconcile Hamas Fatah and PIJ
ആഭ്യന്തര രാഷ്ട്രീയത്തിൽ ആയുധം ഉപയോഗിക്കുന്നത് നിർത്തലാക്കണമെന്ന് ആവശ്യപ്പെടുമ്പോഴും ഇസ്രയേൽ അധിനിവേശത്തിനെതിരായ ജനകീയ പ്രതിരോധം അവസാനിപ്പിക്കില്ലെന്ന് ദിലിയാനി വ്യക്തമാക്കി. സൈനിക അധിനിവേശം തുടരുന്നിടത്തോളം കാലം ഹമാസ്, ഫതഹ്, ഇസ്ലാമിക് ജിഹാദ്, പിഎഫ്എൽപി, ഡിഎഫ്എൽപി തുടങ്ങിയ സംഘടനകളുടെ പോരാട്ടങ്ങൾ വ്യത്യസ്ത രൂപങ്ങളിൽ നിലനിൽക്കും.
അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഇസ്രയേലുമായി നീതിയുക്തമായ സമാധാനം സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. അധിനിവേശത്തിനെതിരായ ചെറുത്തുനിൽപ്പ് നിയമപരമാണെങ്കിലും അക്രമങ്ങൾ ആത്യന്തികമായി സമൂഹത്തിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്നും പശ്ചിമേഷ്യയിൽ ശാശ്വതമായ സമാധാനമാണ് എല്ലാ ജനവിഭാഗങ്ങൾക്കും ആവശ്യമെന്നും ഫതഹ് ഡെമോക്രാറ്റിക് റിഫോം വിഭാഗം ഓർമിപ്പിക്കുന്നു.