‘ഞങ്ങൾക്കും പണം നഷ്ടപ്പെട്ടു, പക്ഷെ മിണ്ടാതിരിക്കാനാകില്ല; മനുഷ്യജീവനാണ് പ്രധാനം’ – ഫലസ്തീൻ പിന്തുണയിലെ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് ഖബീബ്
ന്യൂജേഴ്‌സി: ഫലസ്തീനെ പരസ്യമായി പിന്തുണച്ചതിനെത്തുടർന്ന് തനിക്ക് വലിയ സാമ്പത്തിക നഷ്ടവും സ്പോൺസർഷിപ്പ് അവസരങ്ങളും പ്രൊഫഷണൽ ബന്ധങ്ങളും നഷ്ടപ്പെട്ടതായി മുൻ യുഎഫ്‌സി ലൈറ്റ്‌വെയ്റ്റ് ചാമ്പ്യൻ ഖബീബ് നുർമഗോമെഡോവ്. ശനിയാഴ്ച ന്യൂജേഴ്‌സിയിലെ മിഫ്താ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയിൽ ഗസ്സയിലെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കവേയാണ് 37-കാരനായ ഖബീബ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫലസ്തീനെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നത് സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സമ്മതിച്ച അദ്ദേഹം, “എന്റെ കാര്യത്തിൽ അത് സംഭവിക്കുന്നില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഞങ്ങൾക്കും അത് സംഭവിച്ചു. ഞങ്ങൾക്ക് പണം നഷ്ടപ്പെട്ടു,” എന്ന് തുറന്നുപറഞ്ഞു. എന്നാൽ, ഗസ്സയിലെ ജനങ്ങൾ അനുഭവിക്കുന്ന ജീവഹാനിയുമായും കഷ്ടപ്പാടുകളുമായും താരതമ്യം ചെയ്യുമ്പോൾ ഈ സാമ്പത്തിക നഷ്ടം നിസ്സാരമാണെന്നും ജീവിതവുമായി താരതമ്യപ്പെടുത്തുമ്പോൾ പണം ഒന്നുമല്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗസ്സയിലെ ദാരുണമായ സാഹചര്യത്തിൽ ആളുകൾ നിശബ്ദത പാലിക്കരുതെന്ന് ഖബീബ് അഭ്യർത്ഥിച്ചു. “മിണ്ടാതിരിക്കരുത്,” എന്ന് ആഹ്വാനം ചെയ്ത മുൻ യുഎഫ്‌സി ചാമ്പ്യൻ, കായികതാരങ്ങളും സെലിബ്രിറ്റികളും തങ്ങളുടെ പൊതുവേദികൾ ഉപയോഗിച്ച് ഇതിനെക്കുറിച്ച് അവബോധം വളർത്തണമെന്നും ആവശ്യപ്പെട്ടു. നേരിട്ട് സഹായം നൽകാൻ കഴിയാത്തവർ ഗസ്സയെക്കുറിച്ചുള്ള വിവരങ്ങൾ തങ്ങളുടെ അനുയായികളുമായി പങ്കുവെച്ച് പിന്തുണയ്ക്കണമെന്നും, കുടുംബങ്ങൾക്ക് ഒന്നിലധികം ബന്ധുക്കളെ നഷ്ടപ്പെടുന്ന ഈ സാഹചര്യത്തെക്കുറിച്ച് ആളുകളോട് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുമ്പും ഫലസ്തീൻ ജനതയ്ക്കായി പരസ്യമായി നിലകൊണ്ടിട്ടുള്ള വ്യക്തിയാണ് ഖബീബ്. 2025-ൽ ഫലസ്തീന് സ്വന്തമായി രാഷ്ട്രവും വിമാനത്താവളവും ഉണ്ടാകണമെന്ന പ്രതീക്ഷ പങ്കുവെച്ച അദ്ദേഹം, മിഷിഗണിൽ നടന്ന പരിപാടിയിൽ ഫലസ്തീനിൽ ജിം സ്ഥാപിക്കാനുള്ള താൽപ്പര്യവും വ്യക്തമാക്കിയിരുന്നു. കൂടാതെ, ദുബൈയിൽ നടന്ന പോരാട്ടത്തിന് ശേഷം ഫലസ്തീനായുള്ള അയർലണ്ടിന്റെ പിന്തുണയെയും അദ്ദേഹം പ്രശംസിച്ചിരുന്നു. 29-0 എന്ന അപരാജിത റെക്കോർഡോടെ 2020-ലാണ് ഖബീബ് എംഎംഎയിൽ നിന്ന് വിരമിച്ചത്.