‘ലക്ഷ്യം ഫലസ്തീനിലെ വംശഹത്യ അവസാനിപ്പിക്കൽ’; യുഎസ് പ്രൈമറിയിൽ അട്ടിമറി വിജയം നേടി ഫലസ്തീൻ അനുകൂല മെലാറ്റ് കിറോസ്
മെലാറ്റ് കിറോസ്
ഡെൻവർ: യുഎസ് ജനപ്രതിനിധി സഭയിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ 30 വർഷത്തോളമായി പദവിയിലിരുന്ന മുതിർന്ന നേതാവ് ഡയാന ഡീഗെറ്റിനെ അട്ടിമറിച്ച് ചരിത്രവിജയം നേടിയ മെലാറ്റ് കിറോസിന്റെ പ്രസ്താവനകൾ അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. തന്റെ വിജയപ്രസംഗത്തിൽ, തന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് “ഫലസ്തീനിലെ വംശഹത്യ അവസാനിപ്പിക്കുക” എന്നതാണെന്ന് 29-കാരിയായ കിറോസ് പ്രഖ്യാപിച്ചു. ഇതോടെ കോൺഗ്രസിലേക്ക് എത്തുന്ന ഇസ്രയേൽ വിരുദ്ധരായ പ്രമുഖ സോഷ്യലിസ്റ്റ് നേതാക്കളുടെ നിരയിലേക്ക് മെലാറ്റ് കിറോസും സ്ഥാനം പിടിക്കുകയാണ്.
ഡെൻവർ നഗരം പൂർണ്ണമായും ഉൾക്കൊള്ളുന്ന മണ്ഡലത്തിൽ നിന്നാണ് ആദ്യമായി മത്സരരംഗത്തിറങ്ങിയ കിറോസ് ഈ അസാധാരണ വിജയം സ്വന്തമാക്കിയത്. ന്യൂയോർക്കിൽ പുരോഗമന ഇടതുപക്ഷ സ്ഥാനാർത്ഥികൾ നേടിയ വൻ വിജയത്തിന് തൊട്ടുപിന്നാലെയാണ് കൊളറാഡോയിലും ഈ അട്ടിമറി സംഭവിച്ചത്.
അതേസമയം, കൊളറാഡോയിലെ ജൂത നേതാക്കളും സംഘടനകളും കിറോസിന്റെ വിജയത്തിൽ ശക്തമായ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തെ അവർ ന്യായീകരിച്ചതും, കഴിഞ്ഞ വർഷം ജൂണിൽ ബൗൾഡറിൽ ഇസ്രായേൽ തടവുകാർക്കായി സമരം ചെയ്തവർക്ക് നേരെയുണ്ടായ ബോംബാക്രമണത്തെ ജൂതവിരുദ്ധ (antisemitic) ആക്രമണമെന്ന് വിളിക്കാൻ വിസമ്മതിച്ചതുമാണ് ഈ വിവാദങ്ങൾക്ക് കാരണം. കരേൻ ഡയമണ്ട് എന്ന 82-കാരി കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആ കേസിൽ പ്രതി മുഹമ്മദ് സാബ്രി സുലൈമാൻ എന്ന 46-കാരൻ ‘സീയോണിസ്റ്റുകളെ കൊല്ലാനാണ് താൻ ആഗ്രഹിച്ചതെന്ന്’ എഫ്ബിഐയോട് സമ്മതിച്ചിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘പ്രതിയുടെ മനസ്സിൽ എന്തായിരുന്നു എന്ന് തനിക്കറിയില്ല’ എന്നായിരുന്നു കിറോസിന്റെ മറുപടി.
ഇസ്രായേലിന് മേൽ സമ്പൂർണ്ണ ആയുധ ഉപരോധം ഏർപ്പെടുത്തണമെന്നും സൈനിക സബ്‌സിഡികൾ നിർത്തലാക്കണമെന്നുമാണ് കിറോസിന്റെ പ്രധാന ആവശ്യം. കോർപ്പറേറ്റ് ഫണ്ടുകളെയും ഇസ്രായേൽ അനുകൂല ലോബിയായ ഐപാക്കിനെയും (AIPAC) തങ്ങൾ തള്ളിക്കളയുമെന്ന് അവർ പ്രസംഗത്തിൽ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പോരാടുമെന്നും ഇമിഗ്രേഷൻ വിഭാഗമായ ഐസിഇ (ICE) നിർത്തലാക്കുമെന്നും കിറോസ് കൂട്ടിച്ചേർത്തു. ഫലസ്തീൻ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ടതാണ് കിറോസിന്റെ വിജയത്തിന് കാരണമെന്നും കഴിഞ്ഞ രണ്ട് വർഷത്തിനിടെ അമേരിക്കൻ ജനതയുടെ ചിന്താഗതിയിൽ വന്ന മാറ്റത്തിന്റെ തെളിവാണ് ഇതെന്നും അനുകൂല സംഘടനകൾ വിലയിരുത്തുന്നു.