‘പഴയ ഡീസൽ വണ്ടികൾ ഇനി പൊളിക്കാൻ കൊടുക്കേണ്ട’; 5000 രൂപയുടെ ഉപകരണം വെച്ചാൽ ബിഎസ് 6 ആക്കി മാറ്റാമെന്ന് നിതിൻ ഗഡ്കരി
ന്യൂഡൽഹി: പഴയ ഡീസൽ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കാൻ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ രംഗത്ത്. ബിഎസ്-3 , ബിഎസ്-4 വിഭാഗത്തിലുള്ള പഴയ ഡീസൽ ട്രക്കുകൾക്കും ബസുകൾക്കും പ്രത്യേക എമിഷൻ കൺട്രോൾ ഉപകരണം ഘടിപ്പിച്ചാൽ അവയെ ബിഎസ്-6 വാഹനങ്ങളുടെ നിലവാരത്തിലേക്ക് മാറ്റാൻ സാധിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി വ്യക്തമാക്കി.
സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചററേഴ്‌സ് (സിയാം) സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഡൽഹി ഐ.ഐ.ടിയുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ പ്രത്യേക ഉപകരണം നിർമിച്ചിരിക്കുന്നത്. വെറും 4,000 മുതൽ 5,000 രൂപ വരെ മാത്രമാണ് ഇതിന് ചിലവ് വരുന്നത്. ഈ ഉപകരണം വാഹനങ്ങളിൽ ഘടിപ്പിക്കുന്നതിലൂടെ പർട്ടിക്കുലേറ്റ് മാറ്റർ മലിനീകരണം 90 ശതമാനം വരെയും, നൈട്രജൻ ഓക്സൈഡ് പുറന്തള്ളൽ 60 ശതമാനം വരെയും കുറയ്ക്കാനാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പഴയ വാഹനങ്ങൾ പൂർണമായും ഒഴിവാക്കി വലിയ തുക മുടക്കി പുതിയവ വാങ്ങുന്നതിന് പകരം, കുറഞ്ഞ ചിലവിൽ നിലവിലെ വാഹനങ്ങളുടെ മലിനീകരണ തോത് കുറയ്ക്കാനാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. പഴയ ഹെവി ഡീസൽ വാഹനങ്ങൾ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തടയുന്നതിനൊപ്പം തന്നെ സർക്കാരിന്റെ വാഹന സ്ക്രാപ്പേജ് പോളിസിക്ക് വലിയൊരു സഹായമാകുന്ന നടപടി കൂടിയാണിത്. ഈ മലിനീകരണ നിയന്ത്രണ ഉപകരണത്തിന്റെ ഉപയോഗം ഔദ്യോഗികമായി ഏകീകരിക്കുന്നതിനായി ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ്‌സ് (എ.ഐ.എസ്) 228 വിജ്ഞാപനം പുറത്തിറക്കാനുള്ള നടപടികളിലാണ് ഇപ്പോൾ ഗതാഗത മന്ത്രാലയം. ഇത് നിലവിൽ വരുന്നതോടെ വാണിജ്യാടിസ്ഥാനത്തിൽ വാഹനങ്ങളിൽ ഈ ഉപകരണം ഘടിപ്പിക്കുന്നതിന് മുൻപ് പാലിക്കേണ്ട സാങ്കേതിക സവിശേഷതകളും പ്രവർത്തന മാനദണ്ഡങ്ങളും സംബന്ധിച്ച് വ്യക്തത വരും.