ലോകകപ്പ് ആവേശത്തിനിടെ ഗസ്സയ്ക്ക് തീരാനഷ്ടം, ഇസ്രയേൽ വെടിയേറ്റ് ഫലസ്തീൻ ഗോൾകീപ്പർ കൊല്ലപ്പെട്ടു; ആദ്യത്തെ കൺമണിയെ കാണാനാകാതെ സലീം മടങ്ങി
സലീം ഖാദർ അൽ-അഷ്ഖർ
ഗസ്സ: ലോകം മുഴുവൻ 2026 ഫിഫ ലോകകപ്പിന്റെ ആവേശത്തിമിർപ്പിൽ നിൽക്കെ, ഫലസ്തീൻ കായിക ലോകത്തിന് തീരാനഷ്ടമായി ഖാൻ യൂനിസ് സർവീസസ് ക്ലബ്ബിന്റെ ഗോൾകീപ്പർ സലീം ഖാദർ അൽ-അഷ്ഖാറിന്റെ ദാരുണ അന്ത്യം. തിങ്കളാഴ്‌ച ഗസ്സയിലെ ഖാൻ യൂനിസിന് വടക്കുകിഴക്കുള്ള അൽ-ഖരാരയിൽ വെച്ച് ഇസ്രയേൽ സേനയുടെ വെടിയേറ്റാണ് മുപ്പത്തിരണ്ടുകാരനായ യുവതാരം കൊല്ലപ്പെട്ടത്. ഫലസ്‌തീൻ ഫുട്ബോൾ അസോസിയേഷനും വഫ വാർത്താ ഏജൻസിയുമാണ് വിവരം പുറത്തുവിട്ടത്.
തന്റെ ഫുട്ബോൾ ജീവിതത്തിൽ അൽ-അഖ്സ, അൽ-മുസദാർ എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും പന്ത് തട്ടിയ സലീം, ഫലസ്‌തീൻ ഫുട്ബോൾ രംഗത്തെ മികച്ച പ്രതിഭകളിലൊരാളായിരുന്നു. അഞ്ച് മാസം മുമ്പ് മാത്രം വിവാഹിതനായ അദ്ദേഹം തന്റെ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള സന്തോഷകരമായ കാത്തിരിപ്പിലായിരുന്നു. ഏഴ് സഹോദരിമാരുടെ ഏക സഹോദരനായ സലീമിന്റെ വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തിന് നൽകിയ ആഘാതം വാക്കുകൾക്ക് അതീതമാണ്.
മരണത്തോടെ, 2023 ഒക്ടോബർ മുതൽ ഫലസ്‌തീൻ കായിക മേഖലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,009 ആയി ഉയർന്നുവെന്നത് ഞെട്ടിക്കുന്ന കണക്കാണ്. ഇതിൽ 567 പേരും ഫുട്ബോളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് എന്നത് കായിക ലോകത്തിന് ഏൽപ്പിച്ച മുറിവ് എത്രത്തോളമെന്ന് വ്യക്തമാക്കുന്നു.
അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി ഫിഫ ലോകകപ്പ് മത്സരങ്ങൾ ആവേശകരമായി തുടരുമ്പോൾ, ഗസ്സയിലെ സാധാരണ ജനങ്ങൾക്ക് ഇന്നും ആഘോഷങ്ങൾ അന്യമാണ്. വൈദ്യുതി ബന്ധമില്ലാതെയും, വീടുകളിൽ നിന്ന് പലായനം ചെയ്തും, നിത്യവും യുദ്ധക്കെടുതികൾ അനുഭവിച്ചുമാണ് ഗസ്സയിലെ ഫുട്ബോൾ പ്രേമികൾ ജീവിക്കുന്നത്. ആധുനിക സ്റ്റേഡിയങ്ങളിൽ ലോകം കളി കാണുമ്പോൾ, ഇവിടെ മൈതാനങ്ങൾ ശ്‌മശാനങ്ങളായി മാറുന്ന കാഴ്‌ചയാണ് കാണാനാവുന്നത്.
ഖാൻ യൂനിസിൽ നടന്ന സലീം അൽ-അഷ്‌ഖറിന്റെ സംസ്‌കാര ചടങ്ങിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ഒരു കായിക താരത്തിന്റെ മരണം എന്നതിലുപരി, ഗസ്സയിലെ നിരപരാധികളായ സാധാരണക്കാർ അനുഭവിക്കുന്ന അതിജീവനത്തിന്റെ നേർചിത്രമായി വിയോഗം മാറിയിരിക്കുകയാണ്. കായിക മൈതാനങ്ങളിലെ ആവേശം മാത്രം പോരാ, മനുഷ്യജീവൻ്റെ വിലയും ലോകം തിരിച്ചറിയണമെന്ന സന്ദേശമാണ് സലീമിന്റെ ഓർമ്മകൾ ബാക്കിവെക്കുന്നത്. പലസ്‌തീൻ കായിക ലോകം തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് അന്ത്യാഞ്ജലി അർപ്പിക്കുമ്പോൾ, ഗസ്സയിലെ കായിക താരങ്ങൾ നേരിടുന്ന ഭീകരമായ അവസ്ഥയിലേക്ക് ലോകത്തിന്റെ ശ്രദ്ധ വീണ്ടും പതിയുകയാണ്.