03/09/2026
[fontresizer_tawhidurrahmandear_widget]

2 വർഷത്തിനുശേഷം ഇസ്രയേലിന്റെ കുറ്റസമ്മതം: ‘ഹിന്ദ് റജബിനെ കൊന്നത് ഞങ്ങളുടെ സൈന്യം തന്നെ’ | IDF admits Hind Rajab shooting

 2 വർഷത്തിനുശേഷം ഇസ്രയേലിന്റെ കുറ്റസമ്മതം: ‘ഹിന്ദ് റജബിനെ കൊന്നത് ഞങ്ങളുടെ സൈന്യം തന്നെ’ | IDF admits Hind Rajab shooting

തെല്‍ അവീവ്/ഗസ്സ സിറ്റി: ഗസ്സയിൽ ആഗോള മനസ്സാക്ഷിയെ പിടിച്ചുലച്ച അഞ്ചു വയസ്സുകാരി ഹിന്ദ് റജബിന്റെയും കുടുംബത്തിന്റെയും ദാരുണാന്ത്യത്തിൽ രണ്ടു വർഷം നീണ്ട നിഷേധങ്ങൾക്കൊടുവിൽ കുറ്റസമ്മതവുമായി ഇസ്രയേൽ(IDF admits Hind Rajab shooting). ഹിന്ദ് റജബും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ തങ്ങളുടെ സൈനികർ വെടിയുതിർത്തുവെന്നാണ് ഇസ്രയേൽ സൈന്യം ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവസ്ഥലത്ത് ഇസ്രയേൽ സൈനിക സാന്നിധ്യമില്ലായിരുന്നുവെന്ന മുൻ വാദങ്ങൾ പൂർണമായും തള്ളിക്കളയുന്നതാണ് സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണ കണ്ടെത്തലുകൾ. ഗസ്സ യുദ്ധത്തിലെ സിവിലിയൻ ദുരിതങ്ങളുടെയും ക്രൂരതകളുടെയും ആഗോള പ്രതീകമായി മാറിയ ഹിന്ദ് റജബിന്റെ കൊലപാതകം നടന്ന് രണ്ടു വർഷങ്ങൾക്ക് ശേഷമാണ് ഇസ്രയേലിന്റെ കുറ്റസമ്മതം പുറത്തുവരുന്നത്.

ഇസ്രയേല്‍ സൈന്യത്തിന്‍റെ കൊടുംക്രൂരത | IDF admits Hind Rajab shooting

2024 ജനുവരി 29-നായിരുന്നു ലോകത്തെയാകെ കണ്ണീരിലാഴ്ത്തിയ ആ സംഭവം നടക്കുന്നത്. വടക്കൻ ഗസ്സയിലെ തെൽ അൽ-ഹവ മേഖലയിൽ ഇസ്രയേൽ സൈനിക നീക്കം ശക്തമായതിനെ തുടർന്ന് സ്വന്തം വാസസ്ഥലം വിട്ട് സുരക്ഷിത താവളം തേടി കാറിൽ പലായനം ചെയ്യുകയായിരുന്നു ഹിന്ദ് റജബും കുടുംബവും. അവളുടെ അമ്മാവൻ ബഷാർ ഹമാദ, അമ്മായി റഗ്ദ, അവരുടെ നാല് മക്കൾ (ലയാൻ, സന, റഗ്ദ്, മുഹമ്മദ്) എന്നിവരാണ് കാറിലുണ്ടായിരുന്നത്.

ഇവർ സഞ്ചരിച്ചിരുന്ന കാറിന് നേരെ ഇസ്രയേൽ ടാങ്കുകളിൽനിന്നും സൈനികരിൽനിന്നും കനത്ത വെടിവെപ്പുണ്ടായി. വാഹനത്തിലുണ്ടായിരുന്ന ബന്ധുക്കളിൽ ഭൂരിഭാഗവും തൽക്ഷണം കൊല്ലപ്പെട്ടു.

വാഹനത്തിൽ ബാക്കിയായത് പതിനഞ്ചുകാരിയായ ലയാൻ ഹമാദയും കൊച്ചു ഹിന്ദ് റജബും മാത്രമായിരുന്നു. ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ അത്യാഹിത വിഭാഗത്തിലേക്ക് വിളിച്ച് ലയാൻ സഹായം അഭ്യർത്ഥിച്ചു. “അവർ ഞങ്ങൾക്ക് നേരെ വെടിയുതിർക്കുകയാണ്, ടാങ്ക് ഞങ്ങളുടെ തൊട്ടടുത്തുണ്ട്…” എന്ന് നിലവിളിച്ചുകൊണ്ട് സംസാരിക്കുന്നതിനിടയിൽ മെഷീൻ ഗൺ വെടിയൊച്ചകൾ ഉയരുകയും ലയാന്റെ ശബ്ദം നിലയ്ക്കുകയും ചെയ്തു.

തുടർന്ന് ഫോൺ എടുത്തത് ഹിന്ദായിരുന്നു. മരിച്ചുവീണ ബന്ധുക്കളുടെ മൃതദേഹങ്ങൾക്കിടയിൽ ചോരയിൽ കുളിച്ച് മണിക്കൂറുകളോളമാണ് ആ പിഞ്ചുബാലിക ഫോണിൽ സഹായത്തിനായി യാചിച്ചത്. “എന്നെ രക്ഷിക്കാൻ വരില്ലേ? എനിക്ക് പേടിയാകുന്നു, ദയവായി ആരെങ്കിലും വന്ന് എന്നെ കൊണ്ടുപോകൂ…” എന്ന അവളുടെ അവസാന വാക്കുകൾ ലോകമെമ്പാടുമുള്ള മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പുറത്തുവന്നത് വലിയ രോഷമാണ് സൃഷ്ടിച്ചത്.

ആംബുലന്‍സിനുനേരെയും ആക്രമണം; രക്ഷാപ്രവര്‍ത്തകരെയും വകവരുത്തി | IDF admits Hind Rajab shooting

ഹിന്ദിനെ രക്ഷപ്പെടുത്താനായി ഫലസ്തീൻ റെഡ് ക്രസന്റ് ഇസ്രയേൽ സൈന്യവുമായി ഔദ്യോഗികമായി ബന്ധപ്പെടുകയും പ്രദേശത്തേക്ക് പ്രവേശിക്കാൻ അനുമതി വാങ്ങുകയും ചെയ്തു. തുടർന്ന് യൂസഫ് സൈനോ, അഹമ്മദ് അൽ-മധൂൻ എന്നീ രണ്ട് പാരാമെഡിക്കൽ ജീവനക്കാർ ആംബുലൻസുമായി ഹിന്ദ് ഉണ്ടായിരുന്ന കാറിന് അടുത്തേക്ക് തിരിച്ചു.

എന്നാൽ, നിർദ്ദിഷ്ട സ്ഥലത്തിന് തൊട്ടടുത്ത് എത്തിയപ്പോൾ തന്നെ ആംബുലൻസിന് നേരെയും ഇസ്രയേൽ സേന കനത്ത ഷെല്ലാക്രമണം നടത്തി. തുടർന്ന് പ്രദേശത്ത് കനത്ത ഉപരോധവും ഏറ്റുമുട്ടലും തുടർന്നതിനാൽ ആർക്കും അവിടേക്ക് അടുക്കാനായില്ല.

12 ദിവസങ്ങൾക്ക് ശേഷം ഫെബ്രുവരി 10-ന് ഇസ്രയേൽ സൈന്യം മേഖലയിൽനിന്ന് പിൻവാങ്ങിയപ്പോഴാണ് ദുരന്തത്തിന്റെ പൂർണ ചിത്രം പുറംലോകം കണ്ടത്. വെടിയുണ്ടകളേറ്റ് പൂർണമായും തകർന്ന നിലയിലായിരുന്നു കാർ. അകത്ത് ബന്ധുക്കളുടെ അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾക്കൊപ്പം മരണമടഞ്ഞ നിലയിൽ ഹിന്ദ് റജബിന്റെ ശരീരവും കണ്ടെത്തി. ഏതാനും മീറ്ററുകൾ മാത്രം അകലെ ഇസ്രയേൽ ഷെല്ലാക്രമണത്തിൽ പൂർണമായി കത്തിയമർന്ന നിലയിൽ രക്ഷാപ്രവർത്തകരുടെ ആംബുലൻസും അതിനുള്ളിൽ രണ്ട് പാരാമെഡിക്കുകളുടെ മൃതദേഹങ്ങളും കണ്ടെത്തി.

സംഭവം നടന്ന സമയത്ത്, തങ്ങളുടെ സേന ആ പ്രദേശത്ത് വിന്യസിക്കപ്പെട്ടിരുന്നില്ലെന്നും അത്തരമൊരു കാറിന് നേരെയോ ആംബുലൻസിന് നേരെയോ വെടിയുതിർത്തിട്ടില്ലെന്നുമായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ ഔദ്യോഗിക പ്രതികരണം. അന്താരാഷ്ട്ര തലത്തിൽ ഉയർന്ന കടുത്ത വിമർശനങ്ങളെയും യുദ്ധക്കുറ്റ ആരോപണങ്ങളെയും അവർ പൂർണമായും തള്ളിക്കളഞ്ഞു.

എന്നാൽ ബിബിസി, ദ വാഷിംഗ്ടൺ പോസ്റ്റ്, അൽ ജസീറ, ഫോറൻസിക് ആർക്കിടെക്ചർ എന്നിവർ നടത്തിയ സ്വതന്ത്ര അന്വേഷണങ്ങളിൽ ഇസ്രയേൽ ടാങ്കുകൾ സ്ഥലത്തുണ്ടായിരുന്നുവെന്നും വാഹനത്തിൽ പതിച്ച വെടിയുണ്ടകൾ ഇസ്രയേൽ സേന ഉപയോഗിക്കുന്ന യുഎസ് നിർമ്മിത 120mm ടാങ്ക് ഷെല്ലുകളും തോക്കുകളുടേതുമാണെന്നും സാറ്റലൈറ്റ് ദൃശ്യങ്ങളിലൂടെയും ഓഡിയോ വിശകലനങ്ങളിലൂടെയും തെളിയിക്കപ്പെട്ടു.

ഒടുവില്‍ കുറ്റം സമ്മതിച്ച് ഐ.ഡി.എഫ് |IDF admits Hind Rajab shooting

ഇപ്പോൾ പുറത്തുവിട്ട ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലാണ് ഇസ്രയേൽ സൈന്യം ഒടുവിൽ തങ്ങളുടെ പങ്ക് തുറന്നുസമ്മതിച്ചിരിക്കുന്നത്. തങ്ങളുടെ സൈനികർ നിലയുറപ്പിച്ചിരുന്ന സ്ഥാനത്തേക്ക് അസ്വാഭാവികമായ രീതിയിൽ ഒരു വാഹനം നീങ്ങുന്നത് കണ്ട് സംശയം തോന്നിയാണ് വെടിയുതിർത്തതെന്നാണ് സൈന്യത്തിന്റെ ന്യായീകരണം. മേഖലയിൽ ഹമാസ് പോരാളികളുടെ സാന്നിധ്യമുണ്ടെന്ന മുന്നറിയിപ്പുകൾ ഉണ്ടായിരുന്നുവെന്നും, വാഹനം ശത്രുപക്ഷത്തിന്റേതാണെന്ന് തെറ്റിദ്ധരിച്ചാണ് സൈനികർ വെടിവച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രദേശത്തേക്ക് എത്തിയ റെഡ് ക്രസന്റ് ആംബുലൻസിന് നേരെയും ആക്രമണം ഉണ്ടായതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. എങ്കിലും, അഞ്ചു വയസ്സുകാരി അടക്കമുള്ള നിരപരാധികളായ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ട സംഭവം ‘ദൗർഭാഗ്യകരമായ അബദ്ധം’ എന്ന നിലയിൽ ലഘൂകരിക്കാനാണ് ഇസ്രയേൽ സൈനിക വൃത്തങ്ങൾ ഇപ്പോഴും ശ്രമിക്കുന്നത്.

Also read: