മെസ്സി തട്ടിപ്പ് വിവാദം; ‘സ്പോൺസർക്ക് കോടികൾ ലാഭമുണ്ടാക്കാൻ മുൻ സർക്കാർ കൂട്ടുനിന്നു, വിദേശത്ത് പണം അയച്ചതിലും ചട്ട ലംഘനം’; രണ്ടാമത്തെ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം; ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പിൽ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് സമർപ്പിച്ച രണ്ടാമത്തെ അന്വേഷണ റിപ്പോർട്ടിലാണ് ഗുരുതരമായ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
സർക്കാരിന്റെ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് ഒരു സ്വകാര്യ കമ്പനിക്ക് കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കിക്കൊടുക്കാൻ മുൻ സർക്കാർ സഹായിച്ചുവെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. യാതൊരുവിധ ടെൻഡറുകളും വിളിക്കാതെയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് സ്പോൺസർഷിപ്പ് നൽകിയത്. ഔദ്യോഗികമായി സ്പോൺസറെ തിരഞ്ഞെടുത്ത് സർക്കാർ ഉത്തരവിറങ്ങുന്നതിന് നാല് ദിവസം മുമ്പ് തന്നെ കമ്പനി അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കരാറിൽ ഒപ്പുവെച്ചിരുന്നു എന്നത് ഇടപാടിലെ ഏറ്റവും വലിയ വീഴ്ചയായി റിപ്പോർട്ട് എടുത്തുകാണിക്കുന്നു.
വിദേശത്തേക്ക് പണം അയച്ചതിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സർക്കാരിനെ മറയാക്കി ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കാനും കമ്പനി ശ്രമിച്ചിരുന്നു. കമ്പനിയുടെ കോർപ്പറേറ്റ് രേഖകളോ സർക്കാരിന് ലഭിക്കേണ്ട വരുമാനമോ കൃത്യമായി പരിശോധിച്ചില്ലെന്നും, കമ്പനി നൽകിയ പണത്തിന്റെ യഥാർത്ഥ ഉറവിടം അന്വേഷിക്കുന്നതിൽ കടുത്ത വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കായിക മന്ത്രിയുടെ ഓഫീസ് നടത്തിയ ആശയവിനിമയങ്ങളൊന്നും മറ്റ് മന്ത്രിമാരോ മന്ത്രിസഭയോ അറിഞ്ഞിരുന്നില്ല. മന്ത്രിസഭയെ പൂർണ്ണമായും ഇരുട്ടിൽ നിർത്തിക്കൊണ്ടുള്ള ഇത്തരം നടപടികളിൽ കായിക വകുപ്പിനും സ്പോർട്സ് കേരള ഫൗണ്ടേഷനുമെതിരെ റിപ്പോർട്ടിൽ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. 2025 ഒക്ടോബർ 7-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് യാതൊരു സെക്യൂരിറ്റി ഡിപ്പോസിറ്റും ഇല്ലാതെ കൊച്ചി കലൂർ സ്റ്റേഡിയം കമ്പനിക്ക് വിട്ടുനൽകാൻ തീരുമാനിച്ചത്.
എന്നാൽ ഈ സുപ്രധാന യോഗത്തിന്റെ മിനിറ്റ്സ് ഉൾപ്പെടെയുള്ള രേഖകൾ ഇപ്പോൾ കാണാനില്ലെന്നും, അവ അടിയന്തരമായി കണ്ടെത്തണമെന്നും സ്പെഷ്യൽ സെക്രട്ടറി ആവശ്യപ്പെടുന്നുണ്ട്. എൻ. പ്രശാന്തിന്റെ ആദ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആഭ്യന്തര വകുപ്പ് ഇതിനകം തന്നെ പ്രത്യേക പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കൂടുതൽ നിർണായക വിവരങ്ങൾ അടങ്ങിയ രണ്ടാമത്തെ റിപ്പോർട്ടും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.