സഹായിക്കാനെന്ന വ്യാജേന ക്യാമ്പുകളിലെത്തിയ ഇസ്രയേലികൾ കൊന്നൊടുക്കിയത് 274 ഫലസ്തീനികളെ; നുസെയ്‌റത്ത് കൂട്ടക്കുരുതിക്ക് രണ്ട് വയസ്സ്
ഗസ്സ: സഹായങ്ങളുമായി വരുന്ന ദുരിതാശ്വാസ പ്രവർത്തകരാണെന്ന് കരുതിയാണ് ആ അഭയാർത്ഥി ക്യാമ്പിലുള്ളവർ അവരെ വരവേറ്റത്. എന്നാൽ ആശ്വാസത്തിന് പകരം അവർ നൽകിയത് മരണമായിരുന്നു. ഇസ്രയേലികൾ സഹായിക്കാനെന്ന വ്യാജേന ക്യാമ്പുകളിലെത്തി കൊന്നൊടുക്കിയത് 274 ഫലസ്തീനികളെയാണ്. ഗസ്സയിലെ നുസെയ്‌റത്തിൽ ഇസ്രയേൽ സൈന്യം നടത്തിയ കൂട്ടക്കുരുതിക്ക് ഇപ്പോൾ രണ്ട് വയസ്സ് തികയുകയാണ്.
നാല് ഇസ്രയേൽ ബന്ദികളെ മോചിപ്പിക്കാനെന്ന പേരിൽ 2024 ജൂൺ 8നാണ് മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ സൈനിക ഓപ്പറേഷൻ നടന്നത്. യു.എൻ റിപ്പോർട്ടുകൾ പ്രകാരം, ദുരിതാശ്വാസ വിതരണ ട്രക്കുകളിൽ വേഷംമാറിയെത്തിയ സൈന്യം ക്യാമ്പിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു. ചിലർ കച്ചവടക്കാരെന്ന വ്യാജേന തെരുവുകളിൽ നിലയുറപ്പിച്ചു. ഇതിന് പിന്നാലെ ഹെലികോപ്റ്ററുകളും ഡ്രോണുകളും ടാങ്കുകളും ഉപയോഗിച്ച് യാതൊരു മുന്നറിയിപ്പുമില്ലാതെ അവർ കനത്ത ആക്രമണം അഴിച്ചുവിട്ടു. 274 ഓളം പേർ കൊല്ലപ്പെട്ടു. 700ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ലോക മാധ്യമങ്ങൾ ഈ സൈനിക നടപടിയെ ഇസ്രയേലിന്റെ ‘വിജയകരമായ രക്ഷാദൗത്യം’ എന്ന് വാഴ്ത്തിയപ്പോൾ, ഫലസ്തീൻ ജനതയ്ക്ക് അതൊരു ചോരപ്പുഴയായിരുന്നു.
ഈ നരകതുല്യമായ ദിനത്തെ അത്ഭുതകരമായി അതിജീവിച്ച ലീന ഗസ്സാൻ അബു സായിദ് എന്ന പെൺകുട്ടി അൽ ജസീറയിലൂടെ പങ്കുവെച്ച കുറിപ്പ് ഈ രണ്ടാം വാർഷികത്തിൽ വീണ്ടും ശ്രദ്ധേയമാവുകയാണ്. ഷെല്ലാക്രമണത്തിൽ പാതി തകർന്ന കെട്ടിടത്തിന് മുന്നിൽ, ആംബുലൻസ് പോലുമില്ലാതെ രക്തം വാർന്ന് മൂന്ന് മണിക്കൂറുകളോളം കിടക്കേണ്ടി വന്ന ഗസ്സക്കാരുടെ ഗതികേടാണ് ലീന ഇതിൽ കുറിക്കുന്നത്. തലയ്ക്ക് മുകളിൽ എപ്പോഴും ഡ്രോണുകൾ വട്ടമിട്ട് പറക്കുന്നു. ഗാസയിൽ ഇപ്പോൾ ഒരിടത്തും സുരക്ഷയില്ല. വരാനിരിക്കുന്ന ഏതെങ്കിലും ഒരു ആക്രമണത്തെ അതിജീവിക്കാൻ തനിക്ക് ഇനിയും കഴിയുമോ എന്ന ഭയപ്പെടുത്തുന്ന ചോദ്യത്തോടെയാണ് ലീന തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
രണ്ട് വർഷങ്ങൾക്കിപ്പുറവും ശരീരത്തിൽ തറഞ്ഞുകയറിയ ഷെല്ലിന്റെ അവശിഷ്ടങ്ങളുമായി കടുത്ത വേദനയിലാണ് ലീനയുടെ കുടുംബം ഉൾപ്പെടെയുള്ള നിരവധിപേർ. ഏത് നിമിഷവും മരണം സംഭവിക്കാമെന്ന ഭയത്തോടെ ജീവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ ക്രൂരതയുടെയും വഞ്ചനയുടെയും മായാത്ത ഓർമ്മപ്പെടുത്തലാണ് നുസെയ്‌റത്ത് കൂട്ടക്കുരുതിയുടെ ഈ രണ്ടാം വാർഷികം.