കേന്ദ്രം മുട്ടുമടക്കി; ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു
ന്യൂഡൽഹി: ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജി സമർപ്പിച്ച വിവരം അദ്ദേഹം തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. കേന്ദ്ര സർക്കാരുമായി നിശ്ചയിച്ചിരുന്ന മൂന്നാം ഘട്ട ചർച്ചകൾക്ക് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം.
പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപ്പേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് കഴിഞ്ഞ ഒരു മാസത്തോളമായി ജന്തർ മന്തറിൽ തുടരുന്ന സമരത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി. മന്ത്രി രാജി വെക്കാതെ ചർച്ചകൾക്കില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കിയതോടെ സർക്കാരുമായുള്ള മുൻചർച്ചകൾ സമവായത്തിലെത്താതെ പിരിഞ്ഞിരുന്നു. ഇതിനോടൊപ്പം തന്നെ പ്രതിഷേധക്കാരായ വിദ്യാർത്ഥികളെ പാർലമെന്റ് മാർച്ചിനിടെ ക്രൂരമായി മർദിച്ചത് രൂക്ഷവിമർശനങ്ങൾക്ക് കാരണമായിരുന്നു. പിന്നാലെ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാജ്യത്തുടനീളം പ്രതിഷേധ സമരങ്ങൾ നടന്നിരുന്നു. തുടർന്ന് വർദ്ധിച്ചുവന്ന രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴങ്ങിയാണ് അദ്ദേഹം പദവി ഒഴിയാൻ തീരുമാനിച്ചത്.