മുടക്കോയ് മല സമരസമിതി നേതാക്കളെ ആദരിച്ചു
വാഴക്കാട്: മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ പരിസ്ഥിതി പ്രാധാന്യമേറിയ മുടക്കോയ് മലയിൽ വർഷങ്ങളായി തുടരുന്ന അശാസ്ത്രീയവും അനധികൃതവുമായ ഖനനം മൂലം വലിയ തോതിൽ പാരിസ്ഥിതിക ശോഷണം സംഭവിച്ചതായി ചൂണ്ടിക്കാട്ടി സമരം നടത്തിയ സമരസമിതി നേതാക്കളെ ആദരിച്ചു.
അളവിൽ കവിഞ്ഞ ഖനനം ഉൾപ്പെടെ വിവിധ നിയമലംഘനങ്ങൾ നടന്നുവരുന്നതായും ഖനനം തുടർന്നാൽ പരിസര പ്രദേശങ്ങളിലെ നൂറുകണക്കിന് മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സമരസമിതി പ്രക്ഷോഭം ആരംഭിച്ചത്. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വർഷങ്ങളായി വലിയ തോതിലുള്ള അനധികൃത ഖനനം നടന്നതെന്നും സമരസമിതി ആരോപിച്ചു.
സമരസമിതി ഹൈക്കോടതിയെ സമീപിച്ച് നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് ഖനന പ്രവർത്തനങ്ങൾക്ക് താൽക്കാലികമായെങ്കിലും നിയന്ത്രണം കൊണ്ടുവരാൻ സാധിച്ചത്. തിരുവനന്തപുരം പരിസ്ഥിതി ആഘാത പഠന വിഭാഗം നടത്തിയ സ്ഥലപരിശോധനയിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തുകയും ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ടും സമരസമിതിയുടെ നിയമപോരാട്ടവും കോടതിയിൽ നിന്ന് അനുകൂലമായ ഇടപെടൽ ലഭിക്കുന്നതിന് സഹായകമായതായി ഭാരവാഹികൾ പറഞ്ഞു.
വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയും സമരസമിതിക്ക് വലിയ ആശ്വാസമായതായി ചടങ്ങിൽ അഭിപ്രായപ്പെട്ടു.
ചാലിയാർ പുഴ സംരക്ഷണ ഏകോപന സമിതി സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ വാർഡ് മെമ്പർ ലീല രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും PUAC സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. പി.എ.പൗരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സമരസമിതി നേതാക്കളായ അൻവർ ഷെരീഫ്, ജമാൽ എക്സൽ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. മനുഷ്യാവകാശ പ്രവർത്തക ഡോ. ആശ പ്രഭാകർ മുഖ്യാതിഥിയായി സംസാരിച്ചു.
വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.കെ നൗഷാദ്, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ജൈസൽ എളമരം, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ചിത്ര മണ്ണാറോട്ട്, ഷുബിൽ മയിപയിൽ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ മുജീബ് മാസ്റ്റർ മൊട്ടമ്മൽ, ഫൈസൽ വാഴക്കാട്, സൽമാൻ പണിക്കരപ്പുരായ, ദിലീപ് ചെറുവായൂർ, ചാലിയാർ പുഴ സംരക്ഷണ സമരപോരാളി ഷുക്കൂർ വാഴക്കാട് തുടങ്ങിയവർ സംസാരിച്ചു. അബൂബക്കർ വാഴക്കാട് സ്വാഗതവും അഷ്കർ കവനൂർ നന്ദിയും പറഞ്ഞു