ഒമാനിൽ രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി
മസ്കത്ത്: ഒമാനിൽ രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ശരത് (29) എന്നിവരാണ് മരിച്ചത്. റൂവി ഹംരിയയിൽ വ്യാഴാഴ്ച ജനീഷ് ബാബുവിനെയും റൂവിയിൽ ശനിയാഴ്ച ശരത്തിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട് കല്ലായി ചക്കുംകടവ് സ്വദേശിയായ ജനീഷ് ബാബു മബേലയിലെ ചോക്ലേറ്റ് കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. നാലു മാസം മുൻപ് ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഇദ്ദേഹം അടുത്തിടെയാണ് താൽക്കാലിക വീസയിൽ വീണ്ടും ജോലിക്കായി ഒമാനിൽ എത്തിയത്. വാദി കബീറിൽ താമസിച്ചിരുന്ന ജനീഷ് ഓഗസ്റ്റ് 31-ന് മുറി ഒഴിഞ്ഞ് ബാഗുമായി പോവുകയായിരുന്നു.
തുടർന്ന് ഹംരിയയിലെ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയെങ്കിലും പാസ്പോർട്ട് ലഭിക്കാതിരുന്നതിനാൽ മൃതദേഹം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ശരത്തിന്റെ മരണാനന്തര നടപടികൾക്കായി സാമൂഹിക പ്രവർത്തകർ റോയൽ ഒമാൻ പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് ജനീഷിന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജനീഷിനെ തിരിച്ചറിഞ്ഞത്.
നിയമനടപടികൾ പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചു. പ്രവാസി ഫുട്ബോൾ താരങ്ങളായിരുന്ന ഇരുവരും ഒമാനിലെ സാമൂഹിക രംഗത്ത് സജീവമായിരുന്നു.