കറിയുടെ പേരിൽ കൊലപാതകം: ഫസീലയെ കുത്തിയത് മദ്യലഹരിയിൽ, ശേഷം ആർത്തുകരഞ്ഞ് ആശുപത്രിയിലേക്ക്; ഞെട്ടലിൽ ഗ്രാമം
വണ്ടൂർ: മദ്യപിച്ചെത്തി ചോറിന് കറിയില്ലാത്തതിന്റെ പേരിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് കാപ്പിൽ പാറശ്ശേരി ഗ്രാമം. പാറശ്ശേരി കുന്നുമ്മൽ പൂങ്കുഴി ഫസീല (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഉച്ചകഴിഞ്ഞ് ചുങ്കത്തറയിലെ തോട്ടത്തിൽ നിന്ന് അടയ്ക്ക പറിച്ചു വീട്ടിലെത്തിയ റഷീദ് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ കറിയില്ലാത്തതിനെച്ചൊല്ലി വഴക്കുണ്ടാക്കുകയായിരുന്നു. തുടർന്ന് പുറത്തുപോയി കറി വാങ്ങി തിരികെ എത്തിയശേഷവും വാക്കുതർക്കം തുടരുകയും, വീട്ടിലുപയോഗിക്കുന്ന കത്തിയെടുത്ത് ഫസീലയുടെ നെഞ്ചിൽ കുത്തുകയുമായിരുന്നു. ബഹളം കേട്ടെത്തിയ അയൽക്കാർ ചോരയിൽ കുളിച്ചുകിടന്ന ഫസീലയെ ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെഞ്ചിനു താഴെ ആഴത്തിൽ കുത്തേറ്റ നിലയിലായിരുന്നു.
മുമ്പ് വിദേശത്തായിരുന്ന റഷീദ് നിലവിൽ കമുകുതോട്ടങ്ങൾ പാട്ടത്തിനെടുത്ത് അടയ്ക്ക പറിച്ചു വിൽക്കുന്ന ജോലിയാണ് ചെയ്യുന്നത്. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലുള്ള കുടുംബമാണെങ്കിലും റഷീദ് പതിവായി മദ്യപിച്ചെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. മാസങ്ങളോളം മദ്യം തൊടാതിരിക്കുകയും ഉപയോഗം തുടങ്ങിയാൽ ഇരുപത്തിനാല് മണിക്കൂറും മദ്യലഹരിയിലാകുകയും ചെയ്യുന്ന പ്രകൃതക്കാരനാണ് ഇയാൾ. മദ്യം ഉപയോഗിച്ചുതുടങ്ങിയാൽ വീട്ടിൽ അക്രമാസക്തനാകുന്നതോടെ ഫസീല സ്വന്തം വീട്ടിലേക്ക് പോകും. ദിവസങ്ങൾക്കുശേഷം മദ്യപാനം നിർത്തി മഹല്ലിലും രാഷ്ട്രീയനേതാക്കളെ സമീപിച്ചും ഭാര്യയെ തിരികെയെത്തിക്കാൻ ഇടപെടൽ നടത്തണമെന്ന് കെഞ്ചാറുമുണ്ട്.
ഭാര്യക്കും കുടുംബത്തിനും ഉറപ്പുകൾ നൽകി ഇവരെ തിരികെ കൊണ്ടുവരികയും പിന്നീട് മാസങ്ങളോളം സന്തുഷ്ട കുടുംബജീവിതം നയിക്കുകയുമായിരുന്നു പതിവ്. ഓണാവധിക്ക് തൊടികപ്പുലത്തെ സ്വന്തം വീട്ടിൽപ്പോയ ഫസീല ചൊവ്വാഴ്ചയാണ് മടങ്ങിയെത്തിയത്. ഈ ഓണത്തിനുശേഷമാണ് റഷീദ് വീണ്ടും മദ്യം ഉപയോഗിച്ചുതുടങ്ങിയത്. നല്ല കുടുംബാന്തരീക്ഷത്തിൽ ജനിച്ചുവളർന്ന റഷീദ് കമ്പനിക്കുവേണ്ടി ചെറിയരീതിയിൽ മദ്യപാനം തുടങ്ങി പിന്നീട് മുഴുക്കുടിയനായി മാറിയതാണെന്ന് നാട്ടുകാർ പറയുന്നു.
ഭാര്യയെ കുത്തിയശേഷം റഷീദിന്റെ ആർത്തുകരച്ചിൽ കേട്ടാണ് അയൽവാസികൾ വിവരമറിയുന്നത്. അടുക്കളയിൽ ചോരയിൽ കുളിച്ചുകിടക്കുന്ന ഫസീലയുടെ അടുത്തിരുന്ന് ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിക്കണമെന്ന് കരഞ്ഞ് അഭ്യർഥിക്കുകയായിരുന്നു ഇയാളെന്ന് വാഹനമോടിച്ച അയൽവാസി ജൈസൽ പറഞ്ഞു. ഇവർക്കൊപ്പം കാറിൽ കയറിയ റഷീദ് ആശുപത്രിയിലെത്തുന്നതുവരെ കരയുകയും വണ്ടിയുടെ വേഗത കൂട്ടാൻ പറയുകയുമായിരുന്നു.
കരുവാറ്റക്കുന്ന് കുന്നുമ്മൽ പൂങ്കുഴി അബ്ദുവിന്റെയും ആയിഷയുടെയും മകളാണ് കൊല്ലപ്പെട്ട ഫസീല. ദിൽഫ, ദിൽനിഷ്, ദിൽഷാദ് എന്നിവരാണ് മക്കൾ. വണ്ടൂർ സി.ഐ ഇ. ഗോപകുമാർ, എസ്.ഐ എ.പി. ആഷിഫ്, എ.എസ്.ഐമാരായ സ്വയംപ്രഭ, സുധീർ, എസ്.സി.പി.ഒ എ.ആർ. ഷിജു, സി.പി.ഒ കെ. റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് കബറടക്കും.