ഏഴ് ആഴ്ച ഗർഭിണിയായ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറെ മരത്തിൽ കെട്ടിയിട്ട് തീ കൊളുത്തി; രണ്ടുമാസത്തെ നരകയാതനകൾക്കൊടുവിൽ മരണം
ചണ്ഡീഗഡ്: മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയ്ക്കും രണ്ടുമാസത്തെ നരകയാതനകൾക്കുമൊടുവിൽ പഞ്ചാബിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മൻജീത് കൗർ (28) മരണത്തിന് കീഴടങ്ങി. അതിക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെടുമ്പോൾ മൻജീത് ഏഴ് ആഴ്ച ഗർഭിണിയായിരുന്നുവെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ നാടൊട്ടാകെ നെഞ്ചുപിടയുന്ന വേദനയിലാണ്.
ജൂലൈ 3-ന് രാത്രിയാണ് മൻജീതിന്റെ ജീവിതം കണ്ണീരിലാഴ്ത്തിയ ദുരന്തം നടക്കുന്നത്. ചണ്ഡീഗഡിലെ സെക്ടർ 34-ലെ ഒരു മദ്യഷോപ്പിന് സമീപത്തുനിന്ന് പരിചയക്കാരായ ഷുഭി, പിൻഡ എന്നീ യുവാക്കൾ മൻജീതിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇവരെ ക്രൂരമായി മർദ്ദിച്ച്, ബലമായി വാഹനത്തിൽ കയറ്റി രൂപനഗർ ജില്ലയിലെ മൊരിൻഡയ്ക്ക് സമീപമുള്ള വനമേഖലയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് മരത്തിൽ കെട്ടിയിട്ട ശേഷം തീ കൊളുത്തുകയായിരുന്നു. പിന്നീട് വിവരമറിഞ്ഞെത്തിയ മറ്റൊരു സുഹൃത്ത് കമ്പിളി ഉപയോഗിച്ചാണ് ആ ശരീരത്തിലെ തീ അണച്ചത്.
ഗുരുതരമായി പൊള്ളലേറ്റ മൻജീതിനെ മൊരിൻഡയിലെയും മൊഹാലിയിലെയും ആശുപത്രികളിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ജൂലൈ 9-നാണ് ചണ്ഡീഗഡ് പിജിഐഎംഇആറിലേക്ക് മാറ്റുന്നത്. ജീവിതത്തിനും മരണത്തിനുമിടയിലുള്ള ആ പോരാട്ടത്തിനിടയിൽ ഓഗസ്റ്റ് 5-നാണ് തനിക്ക് നേരിട്ട ദുരാനുഭവം മൻജീത് കുടുംബത്തോട് വിവരിക്കുന്നത്. ബോധം തിരിച്ചുകിട്ടിയപ്പോൾ മൊഴി നൽകാൻ മൻജീത് ആഗ്രഹം പ്രകടിപ്പിക്കുകയും പിജിഐഎംഇആർ പൊലീസ് പോസ്റ്റ് വിവരമറിയിക്കുകയും ചെയ്തെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ ആശുപത്രിയിലെത്തിയില്ലെന്ന ഗുരുതര ആരോപണവും പൊലീസിനെതിരെ ഉയരുന്നുണ്ട്.
ഒടുവിൽ ഓഗസ്റ്റ് 26-ന് ആശുപത്രി കിടക്കയിൽ വച്ച് ആ ജീവൻ പൊലിഞ്ഞു. മൻജീതിന്റെ അമ്മ കാന്താ ദേവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ തട്ടിയെടുക്കൽ, കൊലപാതകം, കൂട്ടുത്തരവാദിത്തം എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.
ആക്രമണത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
വിവാഹമോചിതയായ മൻജീതിന് ഏഴ് വയസ്സുള്ള ഒരു മകനുണ്ട്.