02/09/2026
[fontresizer_tawhidurrahmandear_widget]

വലയിൽ മീൻ കുടുങ്ങിയെന്ന് പറഞ്ഞ് വിളിച്ചിറക്കി; തിരൂരിൽ ഫൗസിയയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ, ഭർത്താവിനായി തിരച്ചിൽ

 വലയിൽ മീൻ കുടുങ്ങിയെന്ന് പറഞ്ഞ് വിളിച്ചിറക്കി; തിരൂരിൽ ഫൗസിയയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ, ഭർത്താവിനായി തിരച്ചിൽ

മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറേക്കര ബീച്ച് സ്വദേശിനി ഫൗസിയ (37) ആണ് കൊല്ലപ്പെട്ടത്. “വലയിൽ മീൻ കുടുങ്ങിയിട്ടുണ്ട്, എടുക്കാൻ കൂടെ വരണം” എന്ന് പറഞ്ഞ് വ്യാഴാഴ്‌ച പുലർച്ചെ ഭർത്താവ് ഹുസൈൻ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയ ഫൗസിയയെ പിന്നീട് പടിഞ്ഞാറേക്കര ബോട്ട് ജെട്ടിക്ക് സമീപം മൃതദേഹമായി കണ്ടെത്തുകയായിരുന്നു. ഫൗസിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഹുസൈനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

തങ്ങളോടൊപ്പം ഉറങ്ങുകയായിരുന്ന ഉമ്മയെ വിളിച്ചുണർത്തി, കടലിൽ വലയിട്ടപ്പോൾ മീൻ കുടുങ്ങിയിട്ടുണ്ടെന്നും അത് എടുക്കാൻ കൂടെ വരണമെന്നും പറഞ്ഞാണ് പിതാവ് കൊണ്ടുപോയതെന്നാണ് മക്കൾ പൊലീസിന് നൽകിയ മൊഴി. ബുധനാഴ്‌ച രാത്രിയും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായി പരിസരവാസികൾ വ്യക്തമാക്കി. ഇതിനിടെ ഫൗസിയ പ്രാണരക്ഷാർഥം അയൽവീട്ടിലേക്ക് ഓടിപ്പോകുകയും ചെയ്തിരുന്നു. സ്ഥിരമായി മദ്യപിച്ചും ലഹരി ഉപയോഗിച്ചും വീട്ടിലെത്തുന്ന ഹുസൈൻ ഭാര്യയെ ഉപദ്രവിക്കുകയും വീട്ടിൽ ബഹളമുണ്ടാക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

മത്സ്യത്തൊഴിലാളിയായ ഹുസൈൻ കടലിൽ വലയെറിഞ്ഞ് മീൻപിടിക്കുമ്പോൾ ഭാര്യയും മക്കളും സഹായത്തിനായി കൂടെ പോകാറുണ്ടായിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് അർധരാത്രി ഫൗസിയയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയതെന്ന് കരുതുന്നു. രാവിലെ ഇരുവരെയും വീട്ടിൽ കാണാതായപ്പോൾ ജോലിക്ക് പോയതാകുമെന്നാണ് മക്കൾ കരുതിയത്. തുടർന്ന് മകൻ ജോലിക്കും മകൾ സ്കൂളിലേക്കും പോയി. വൈകീട്ടും ഇരുവരും തിരിച്ചെത്താത്തതിനെ തുടർന്ന് മക്കൾ തിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

വെള്ളിയാഴ്‌ച ഉച്ചയോടെ പടിഞ്ഞാറേക്കര ബോട്ട് ജെട്ടിയിൽ മത്സ്യബന്ധനത്തിനായി ബോട്ട് കടലിലേക്ക് ഇറക്കുന്നതിനിടെ നങ്കൂരം ഉയർത്തുമ്പോഴാണ് മറ്റൊരു നങ്കൂരം കുടുങ്ങിയതായി മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. കുടുങ്ങിയ നങ്കൂരം വലിച്ചുകയറ്റിയപ്പോഴാണ് അതിൻ്റെ അറ്റത്ത് ചാക്ക് കെട്ടിയ നിലയിൽ കണ്ടത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് എത്തി പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

ദമ്പതികളുടെ വീട്ടിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹുസൈന്റെ മൊബൈൽ ഫോൺ വ്യാഴാഴ്‌ച പുറത്തൂർ ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് ഓണാക്കിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാൾക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഫൗസിയ അയൽപക്കത്തുള്ള വീടുകളിൽ ജോലിക്ക് പോകുന്നയാളായിരുന്നു. ഷബീബ്, ബിൻസി എന്നിവരാണ് മക്കൾ.

Also read: