03/09/2026
[fontresizer_tawhidurrahmandear_widget]

ഓണാഘോഷ ഡ്രസ് കോഡിൽ തർക്കം; കൂടത്തായിയിൽ ഒൻപതാം ക്ലാസുകാരിക്ക് സീനിയർ വിദ്യാർഥിനികളുടെ ക്രൂര മർദനം

 ഓണാഘോഷ ഡ്രസ് കോഡിൽ തർക്കം; കൂടത്തായിയിൽ ഒൻപതാം ക്ലാസുകാരിക്ക് സീനിയർ വിദ്യാർഥിനികളുടെ ക്രൂര മർദനം

കോഴിക്കോട്: കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഡ്രസ് കോഡിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിക്ക് റാഗിങ്ങിലൂടെ ക്രൂര മർദനമേറ്റു. ആക്രമണത്തിൽ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട കൊടുവള്ളി മുടൂർ മേപ്പള്ളി സ്വദേശിനി ഹിബാ ഫാത്തിമയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുറ്റക്കാരായ രണ്ട് പത്താം ക്ലാസ് വിദ്യാർഥിനികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു.

ഓണാഘോഷ വേളയിൽ പത്താം ക്ലാസുകാർക്കായി നിശ്ചയിച്ചിരുന്ന ഡ്രസ് കോഡിൽ ഒൻപതാം ക്ലാസിലെ ഏതാനും വിദ്യാർഥികൾ എത്തിയതാണ് അക്രമ സംഭവങ്ങൾക്ക് തുടക്കമിട്ടത്. പോയിന്റ് തെറ്റിച്ചെത്തിയ ജൂനിയർ വിദ്യാർഥികളെ സീനിയർ വിദ്യാർഥിനികൾ ചോദ്യം ചെയ്യുകയും മർദിക്കുകയുമായിരുന്നു. ഇതിനെതിരെ സ്കൂൾ അധികൃതർക്ക് പരാതി നൽകുമെന്ന് അറിയിച്ചതിനാണ് ഹിബയ്ക്ക് നേരെ ആക്രമണമുണ്ടായത്.

ഹിബയെ ബലമായി ശുചിമുറിക്ക് സമീപത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ സീനിയർ വിദ്യാർഥിനികൾ മുഖത്ത് കൈകൊണ്ടും കല്ലുകൊണ്ടും അടിക്കുകയും നാഭിക്ക് ചവിട്ടി തള്ളിയിടുകയും ചെയ്തു. അക്രമം തടയാൻ ശ്രമിച്ച ഹിബയുടെ സഹപാഠികളായ മൂന്ന് വിദ്യാർഥിനികൾക്കും മർദനമേറ്റു. പരുക്കേറ്റ ഹിബയെ ആദ്യം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. സംഭവത്തിൽ പൊലീസും സ്കൂൾ മാനേജ്‌മെന്റും കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

Also read: