‘എന്റെ മകൾക്ക് കൊലയാളി സമ്മാനം കൊടുക്കണ്ട’; കോഴിക്കോട് ശ്രീറാം വെങ്കിട്ടരാമനെതിരെ രക്ഷിതാവിന്റെ പരസ്യ പ്രതിഷേധം
കോഴിക്കോട്: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനിൽ നിന്ന് മകൾക്ക് സമ്മാനം വാങ്ങാൻ വിസമ്മതിച്ച് രക്ഷിതാവ്. കോഴിക്കോട് നടന്ന കുട്ടികളുടെ നീന്തൽ മത്സരത്തിന്റെ സമ്മാനദാനച്ചടങ്ങിനിടെയാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. ശ്രീറാം വെങ്കിട്ടരാമൻ സമ്മാനം നൽകുന്നതിനെതിരെ രക്ഷിതാവ് പരസ്യമായി പ്രതിഷേധിച്ചതോടെ, ഒടുവിൽ കോഴിക്കോട് അസിസ്റ്റന്റ്റ് കലക്ടർ കുട്ടിക്ക് സമ്മാനം കൈമാറി.
കോഴിക്കോട് ചെറൂട്ടി റോഡിലെ സ്വിമ്മിങ് പൂൾ ഉൾപ്പെടുന്ന സ്പോർട്‌സ് കോംപ്ലക്‌സിലാണ് സംഭവം നടന്നത്. കുട്ടികളുടെ നീന്തൽ മത്സരത്തിന് പുറമെ ‘ട്രയാത്‌ലോൺ’ എന്ന മറ്റൊരു പരിപാടിയും അവിടെ നടന്നിരുന്നു. സൈക്ലിങ്, നീന്തൽ, ഓട്ടം എന്നിവ ഉൾപ്പെടുന്ന ഈ ട്രയായ്ക്കോണിൽ ഒരു മത്സരാർത്ഥിയായി പങ്കെടുക്കാനാണ് ശ്രീറാം വെങ്കിട്ടരാമൻ അവിടെ എത്തിയത്. തുടർന്ന്, കുട്ടികളുടെ മത്സരവിജയികൾക്ക് സമ്മാനം വിതരണം ചെയ്യാൻ സംഘാടകർ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.
സമ്മാനം നൽകാനായി അദ്ദേഹം എത്തിയപ്പോഴാണ് ഒരു കുട്ടിയുടെ രക്ഷിതാവ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. ‘എന്റെ മോൾക്ക് കൊലയാളി സമ്മാനം കൊടുക്കേണ്ട, കൊലയാളിയിൽ നിന്ന് സമ്മാനം വേണ്ട’ എന്ന് രക്ഷിതാവ് വിളിച്ച് പറയുകയായിരുന്നു. രക്ഷിതാവ് തന്റെ നിലപാടിൽ ഉറച്ചുനിന്നതോടെ സംഘാടകർ പ്രതിസന്ധിയിലായി. തുടർന്ന്, അവിടെയുണ്ടായിരുന്ന അസിസ്റ്റന്റ് കലക്ടറെക്കൊണ്ട് കുട്ടിക്ക് സമ്മാനം നൽകി പ്രശ്നം പരിഹരിക്കുകയായിരുന്നു.