കോഴിക്കോട്ടെ ഏക പാഴ്സി കുടുംബത്തിൽ ഓണക്കാലത്ത് ‘ജഷൻ’ പ്രാർത്ഥന; മുംബൈയിൽ നിന്ന് പുരോഹിതരെത്തി
കോഴിക്കോട്: നഗരത്തിൽ ഇന്ന് അവശേഷിക്കുന്ന ഒരേയൊരു പാഴ്സി കുടുംബമായ മാർഷൽ ഭവനത്തിൽ വിശേഷാൽ ‘ജഷൻ’ പ്രാർത്ഥന അരങ്ങേറി. പൂക്കളങ്ങളും സദ്യയുമായി നാടൊട്ടുക്കും ഓണം ആഘോഷിക്കുന്ന വേളയിലാണ് മുംബൈയിൽ നിന്നെത്തിയ രണ്ട് പുരോഹിതരുടെ കാർമ്മികത്വത്തിൽ പുരാതനമായ സൊറോസ്ട്രിയൻ പ്രാർത്ഥനാ മന്ത്രങ്ങൾ ഉയർന്നുകേട്ടത്.
ജീവിക്കുന്നവർക്കും മൺമറഞ്ഞുപോയ പൂർവ്വികർക്കും വേണ്ടി സൊറോസ്ട്രിയൻ വിശ്വാസത്തിലെ പരമോന്നത ദൈവമായ ‘അഹുറ മസ്ദ’യ്ക്ക് സമർപ്പിക്കുന്ന നന്ദിപ്രകാശന പ്രാർത്ഥനയാണ് ജഷൻ. പാഴ്സി ഫയർ ടെമ്പിളിന് പുറത്തുവെച്ച് നടത്താൻ കഴിയുന്ന ഏക അനുഷ്ഠാനം കൂടിയാണിത്. ദസ്തൂർജി ജംഷദ്, ദസ്തൂർജി ഖുർഷീദ് എന്നീ പുരോഹിതരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ മുംബൈയിൽ നിന്നെയെത്തിയത്. പ്രാർത്ഥനകൾക്ക് ശേഷം മലയാളി സുഹൃത്തുക്കളെ പങ്കടുപ്പിച്ച് പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു.
ഒരുകാലത്ത് 299-ഓളം പാഴ്സി കുടുംബങ്ങളുണ്ടായിരുന്ന കോഴിക്കോട്ട് ഇന്ന് മാർഷൽ കുടുംബത്തിലെ നാല് അംഗങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. 1851-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കയർ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന ഫാക്ടറി സ്ഥാപിക്കാനാണ് പാഴ്സികൾ ആദ്യമായി കോഴിക്കോട്ടേക്ക് എത്തുന്നത്. പ്രശസ്തനായ ഡോ. കോബാബ് മുഗ സെറ്റ് ഉൾപ്പെടെയുള്ള പ്രമുഖർ ഈ സമൂഹത്തിൽ നിന്നുള്ളവരായിരുന്നു. ഇന്നത്തെ മേയർ ഭവൻ ഒരുകാലത്ത് ഇദ്ദേഹത്തിന്റെ ബംഗ്ലാവായിരുന്നു. മിഠായിത്തെരുവിലെ ‘പാഴ്സി അഞ്ചുമൻ ബാഗ്’ നഗരത്തിലെ പാഴ്സി പാരമ്പര്യത്തിന്റെ ജീവിക്കുന്ന അടയാളമായി ഇന്നും നിലകൊള്ളുന്നു.
മുൻപ് വിഷുക്കാലത്തായിരുന്നു ജഷൻ പ്രാർത്ഥന നടത്തിയിരുന്നത്. വലിയ സമൂഹങ്ങളുള്ള മുംബൈയിലോ ചെന്നൈയിലോ ഉള്ളതുപോലെ എല്ലാ ആചാരങ്ങളും ഇവിടെ സാധ്യമല്ലെങ്കിലും, നാടിന്റെ സംസ്കാരത്തിനൊപ്പം ചേർന്നുനിന്ന് തങ്ങളുടെ പാരമ്പര്യം മുറുകെപ്പിടിക്കുകയാണ് ഈ കുടുംബം.