മരണമുനമ്പിൽ നിന്ന് അത്ഭുത തിരിച്ചുവരവ്; നിപയെ അതിജീവിച്ച് ഫറോക്ക് സ്വദേശി ജീവിതത്തിലേക്ക്
കോഴിക്കോട്: മരണത്തെ മുഖാമുഖം കണ്ട ഫറോക്ക് സ്വദേശിയായ 43-കാരൻ നിപ വൈറസ് ബാധയെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തി. നിപ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗി പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വെള്ളിയാഴ്ചയാണ് ഡിസ്ചാർജ് ചെയ്തത്. ഓർമശക്തിയുൾപ്പെടെ സാധാരണ നിലയിലായ അദ്ദേഹം പരസഹായമില്ലാതെ സ്വന്തമായി നടന്നാണ് വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം നടത്തിയ എം.ആർ.ഐ സ്കാനിംഗിൽ തലച്ചോറിലെ തകരാറുകൾ കുറഞ്ഞതായും കണ്ടെത്തിയിരുന്നു.
ക്ലീനിങ് സ്റ്റാഫ് മുതൽ ഡോക്ടർമാർ വരെയുള്ള
ആരോഗ്യവകുപ്പ് ജീവനക്കാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ രോഗമുക്തിയെന്നും, രോഗിയുടെ ജീവൻ രക്ഷിക്കാനായതിൽ ഓരോ ജീവനക്കാരനും അഭിമാനിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ഇത്തവണ നിപ ബാധിച്ച് ഒരു ജീവൻപോലും പൊലിയാതിരിക്കാൻ അഹോരാത്രം പ്രയത്നിച്ച ആരോഗ്യപ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.
പനിയും തൊണ്ടവേദനയും ശരീരവേദനയുമായി ജൂൺ ഒന്നിനാണ് രോഗി ആദ്യം ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും ക്ഷീണം, സംസാരത്തിന് വ്യക്തതക്കുറവ്, സ്ഥലകാലബോധക്കുറവ് എന്നിവ കാരണം ജൂൺ ഏഴിന് വീണ്ടും അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് 2026 ജൂൺ എട്ടിന് രോഗിയെ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് മാറ്റി.
ജൂൺ ഒൻപതിന് രാത്രിയോടെ ആരോഗ്യാവസ്ഥ വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലാക്കി.
എം.ആർ.ഐ. സ്കാനിൽ മസ്തിഷ്കത്തിൽ അണുബാധ കണ്ടെത്തിയതോടെ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് നിപ വൈറസ് ബാധ സംശയിച്ചത്. തുടർന്ന് സാമ്പിൾ പുണെയിലേക്ക് അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.ഇതോടെ രോഗിയെ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ ഐ.സി.യു.വിലേക്ക് മാറ്റി.
ആശുപത്രി അധികൃതരുടെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. മോണോക്ലോണൽ ആന്റിബോഡിയും റെംഡെസിവിർ, റിബാവിറിൻ ഉൾപ്പെടെയുള്ള മരുന്നുകളും കൃത്യമായി നൽകി. ഒന്നരമാസത്തോളം വെന്റിലേറ്ററിൽ തുടർന്ന അദ്ദേഹത്തെ വിവിധ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാർ നിരന്തരം നിരീക്ഷിച്ചു. പ്ലേറ്റ്‌ലെറ്റ്, ഹീമോഗ്ലോബിൻ അളവ് കുറഞ്ഞപ്പോൾ ട്രാൻസ്ഫ്യൂഷൻ നൽകി. ക്രമേണ ബോധനില മെച്ചപ്പെടുകയും സ്വയം ശ്വസിക്കാൻ തുടങ്ങുകയും ചെയ്തു.
മൂന്നാഴ്ചയ്ക്ക് ശേഷം അഞ്ചുദിവസത്തെ ഇടവേളകളിൽ നടത്തിയ സ്രവ, രക്ത, മൂത്ര പരിശോധനകളിൽ നിപ നെഗറ്റീവായി. ജൂലൈ 4-ന് രോഗിയെ ട്രാൻസിറ്റ് ഐ.സി.യു.വിലേക്കും ജൂലൈ 31-ന് മുറിയിലേക്കും മാറ്റി. തുടർന്നാണ് വെള്ളിയാഴ്ചയോടെ പൂർണ ആരോഗ്യവാനായി അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.