ടാറ്റൂ ചെയ്തതിനു പിന്നാലെ ജനനേന്ദ്രിയത്തില്‍ അണുബാധ; പരിശോധനയില്‍ യുവതിക്ക് എച്ച്ഐവി
കാൺപൂർ: ഡൽഹിയിലെ ഒരു ടാറ്റൂ പാർലറിൽ നിന്ന് പച്ചകുത്തിയതിന് പിന്നാലെ ഉത്തർപ്രദേശ് കാൺപൂർ സ്വദേശിനിയായ 32-കാരിക്ക് എച്ച്.ഐ.വി ബാധിച്ചതായി കണ്ടെത്തി. പച്ചകുത്താൻ ഉപയോഗിച്ച സൂചിയിൽ നിന്നോ മറ്റ് ഉപകരണങ്ങളിൽ നിന്നോ ആകാം രോഗബാധയെന്നാണ് കാൺപൂരിലെ ഗണേഷ് ശങ്കർ വിദ്യാർത്ഥി മെമ്മോറിയൽ മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. എന്നാൽ, രോഗബാധയുടെ യഥാർത്ഥ ഉറവിടം വ്യക്തമായി കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഗുരുതരമായ ജനനേന്ദ്രിയ അണുബാധയെത്തുടർന്നാണ് യുവതി മെഡിക്കൽ കോളജിലെ ഡെർമറ്റോളജി (ചർമ്മരോഗ) വിഭാഗത്തിൽ ചികിത്സ തേടിയത്. രോഗലക്ഷണങ്ങളുടെ തീവ്രത കണക്കിലെടുത്ത ഡോക്ടർമാർ എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ്-ബി പരിശോധനകൾ നടത്താൻ നിർദ്ദേശിക്കുകയായിരുന്നു. ഈ പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് യുവതിക്ക് എച്ച്.ഐ.വി പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. യുവതിയെ നിലവിൽ സർക്കാർ ആശുപത്രിയിൽ സൗജന്യ ആന്റി-റെട്രോവൈറൽ തെറാപ്പിക്ക് വിധേയയാക്കിയിരിക്കുകയാണ്.
രണ്ടാഴ്ച മുമ്പാണ് യുവതി ഡൽഹിയിലെ ഒരു പാർലറിൽ പോയി ടാറ്റൂ ചെയ്‌തതെന്ന് ഡെർമറ്റോളജി വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. ശ്വേതാങ്ക് പറഞ്ഞു. അണുവിമുക്തമാക്കാത്തതോ മറ്റൊരാൾക്ക് ഉപയോഗിച്ചതോ ആയ സൂചികൾ ടാറ്റൂ ചെയ്യാൻ ഉപയോഗിച്ചതാകാം അണുബാധയ്ക്ക് കാരണമെന്നാണ് നിഗമനം. എച്ച്.ഐ.വി പൂർണ്ണമായി ഭേദമാക്കാൻ കഴിയില്ലെങ്കിലും കൃത്യമായ ചികിത്സയിലൂടെ നിയന്ത്രിക്കാനാകുമെന്നും രോഗി ആജീവനാന്തം മരുന്നുകൾ തുടരേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.