‘ഏതുവിധേനയും ജീവനോടെയിരിക്കും, മാർച്ച് വിജയിച്ചില്ലെങ്കിൽ പ്രേതമായി തിരിച്ചുവരും’; ആരോഗ്യം മോശമായിട്ടും പിന്നോട്ടില്ലെന്ന് സോനം വാങ്ചുക്
സോനം വാങ്ചുക്
ന്യൂഡൽഹി: സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യനില അതീവ വഷളായിട്ടും സമരം തുടരാനും ജൂലൈ 20-ന് ആസൂത്രണം ചെയ്തിരിക്കുന്ന പാർലമെന്റ് മാർച്ചിൽ സജീവമായി പങ്കെടുക്കാനുമുള്ള തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം.
“ജൂലൈ 20 ന് നിങ്ങളോടൊപ്പം പാർലമെന്റിലേക്ക് മാർച്ച് ചെയ്യാൻ ഞാൻ ഏതുവിധേനയും ജീവനോടെയിരിക്കും. ജൂലൈ 20 ലെ നമ്മുടെ മാർച്ച് വിജയിച്ചില്ലെങ്കിൽ, ഞാൻ ഒരു പ്രേതമായി തിരിച്ചുവരും” – എന്ന് സോനം വാങ്ചുക് പറഞ്ഞു. ഇത്തരം ഒരു കഠിനമായ ഘട്ടത്തിലും സോനം വാങ്ചുക്കിന് തന്റെ ഹാസ്യബോധം നഷ്ടപ്പെട്ടിട്ടില്ലെന്നും നമുക്ക് പാർലമെന്റിലേക്ക് മാർച്ച് ചെയ്യാമെന്നും കോക്രോച്ച് ജനതാ പാർട്ടി എക്സിൽ കുറിച്ചു.
സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസിനെ പ്രതിനിധീകരിച്ച് പാർട്ടി വക്താവ് പവൻ ഖേര ഇന്ന് സമരപന്തലിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. അതേസമയം, വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടർമാർ കടുത്ത ആശങ്കയാണ് പങ്കുവയ്ക്കുന്നത്. ജൂൺ 28-ന് നിരാഹാരം ആരംഭിച്ചതിന് ശേഷം അദ്ദേഹത്തിന്റെ ശരീരഭാരത്തിൽ നിന്ന് 9 കിലോഗ്രാമിലധികം കുറഞ്ഞതായും ശരീരം ഇപ്പോൾ അതീവ ഗുരുതരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും ഡോ. സതീഷ് ലാംബ വ്യക്തമാക്കി. ശരീരത്തിലെ കീറ്റോൺ അളവും യൂറിക് ആസിഡിലെ വർധനവും പേശികൾ നശിച്ചുകൊണ്ടിരിക്കുന്നതിന്റെ വ്യക്തമായ സൂചനകളാണ്. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങൾ കൂടുതൽ കേടുപാടുകൾ കൂടാതെ സംരക്ഷിക്കാൻ അടിയന്തരമായ വൈദ്യസഹായവും ഇടപെടലും ആവശ്യമാണെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.