04/09/2026
[fontresizer_tawhidurrahmandear_widget]

‘ഷോർട്ട് ടേം മെമ്മറി ലോസ് ആയിരിക്കാം’; ആമിർ ഖാനെ പരിഹസിച്ച് സോനം വാങ്ചുക്ക്

 ‘ഷോർട്ട് ടേം മെമ്മറി ലോസ് ആയിരിക്കാം’; ആമിർ ഖാനെ പരിഹസിച്ച് സോനം വാങ്ചുക്ക്

ന്യൂഡൽഹി: ‘3 ഇഡിയറ്റ്സ്’ സിനിമയുമായി ബന്ധപ്പെട്ട് സോനം വാങ്ചുക്കിനെ അറിയില്ലായിരുന്നുവെന്ന നടൻ ആമിർ ഖാന്റെ വാദത്തിന് പരിഹാസരൂപത്തിൽ മറുപടി നൽകി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക്. ആമിർ ഖാന് ‘ഷോർട്ട് ടേം മെമ്മറി ലോസ്’ ഉണ്ടായിരിക്കാമെന്നാണ് പ്രഖർ ഗുപ്തയുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിൽ അദ്ദേഹം പ്രതികരിച്ചത്.

‘3 ഇഡിയറ്റ്സ്’ ചിത്രീകരിക്കുന്ന സമയത്ത് തനിക്ക് സോനം വാങ്ചുക്കിനെ അറിയില്ലായിരുന്നുവെന്നും, സംവിധായകൻ രാജ്‌കുമാർ ഹിരാനിക്കും തിരക്കഥാകൃത്തുക്കൾക്കും അദ്ദേഹത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു പരിപാടിക്കിടെ ആമിർ ഖാൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ആമിർ ‘ഗജിനി’യുടെ വേഷത്തിലായിരുന്നെങ്കിൽ 15 മിനിറ്റോളം കാര്യങ്ങൾ ഓർത്തുവെക്കാൻ കഴിയാത്ത ഷോർട്ട് ടേം മെമ്മറി ലോസ് ഉണ്ടായിരിക്കാമെന്ന് വാങ്ചുക്ക് പരിഹസിച്ചത്.

2008-ൽ താനും ആമിർ ഖാനും തമ്മിൽ കൂടിക്കാഴ്‌ച നടത്തുകയും നിരവധി കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നിട്ടുണ്ടെന്നും വാങ്ചുക്ക് വ്യക്തമാക്കി. ‘3 ഇഡിയറ്റ്സ്’ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമിച്ച ചിത്രമാണെന്ന് അവകാശപ്പെടുന്നില്ലെന്നും, എന്നാൽ താൻ പങ്കുവെച്ച ആശയങ്ങളിൽനിന്ന് സിനിമയ്ക്ക് പ്രചോദനം ലഭിച്ചിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2009-ൽ രാജ്‌കുമാർ ഹിരാനി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘3 ഇഡിയറ്റ്സ്’ ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ചിത്രമാണ്. ആമിർ ഖാൻ, ആർ. മാധവൻ, ശർമൻ ജോഷി, കരീന കപൂർ, ബോമൻ ഇറാനി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Also read: