17/08/2026
[fontresizer_tawhidurrahmandear_widget]

‘കുറ്റവാളിമുക്ത പാർലമെന്റ് വേണം’; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രിയോട് സോനം വാങ്ചുക്

 ‘കുറ്റവാളിമുക്ത പാർലമെന്റ് വേണം’; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രിയോട് സോനം വാങ്ചുക്

ന്യൂഡൽഹി: രാജ്യത്തെ രാഷ്ട്രീയ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി ‘സമാധാനപരമായ ഒരു വിപ്ലവം’ ആവശ്യമാണെന്ന് ആക്‌ടിവിസ്റ്റ് സോനം വാങ്ചുക്. ഇതിന്റെ ഭാഗമായി ‘കുറ്റവാളിമുക്ത പാർലമെൻ്റ്’ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങണമെന്ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

2014-ൽ അധികാരത്തിലെത്തുന്നതിന് മുമ്പ്, രാഷ്ട്രീയത്തിലെ ക്രിമിനൽ ഘടകങ്ങളെ തടയുമെന്നും എം.പിമാർക്കെതിരെയുള്ള ക്രിമിനൽ കേസുകൾ പരിശോധിക്കാൻ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്ന കാര്യം വാങ്‌ചുക് ഓർമിപ്പിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എല്ലാ രാഷ്ട്രീയ പാർട്ടികളും ജനാധിപത്യത്തെ ശുദ്ധീകരിക്കുന്നതിനുള്ള ഈ നീക്കത്തെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ രാജ്യത്തെ എം.പിമാരിൽ പകുതിയോളം പേർ ക്രിമിനൽ കേസുകൾ നേരിടുന്നവരാണെന്നും മൂന്നിലൊന്ന് പേർ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതര കുറ്റങ്ങൾ നേരിടുന്നവരാണെന്നും വാങ്ചുക് ചൂണ്ടിക്കാട്ടി. ഇത് ജനങ്ങളിൽ വിശ്വാസപ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. 2047-ഓടെ ഇന്ത്യ മാന്യമായ ഒരു രാഷ്ട്രമായി തുടരണമെങ്കിൽ നേതാക്കളെ തെരഞ്ഞെടുക്കുന്ന രീതിയിലടക്കം മാറ്റങ്ങൾ അത്യാവശ്യമാണ്.

രാജ്യത്ത് ആവശ്യമായ മാറ്റങ്ങളെക്കുറിച്ച് ഉപദേശം നൽകാൻ കഴിയുന്ന വ്യക്തികളെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായവും അദ്ദേഹം അഭ്യർഥിച്ചു. ലഡാക്കിലെ വിദൂര പ്രദേശത്ത് കഴിയുന്ന തനിക്ക് ഇവരെ കണ്ടെത്തുക എളുപ്പമല്ല. ഭയമില്ലാതെ നിലപാട് പറയാൻ കഴിയുന്നവരും നിസ്വാർഥരുമായ വ്യക്തിത്വങ്ങളെ ഓരോ പ്രദേശത്തു നിന്നും നിർദേശിക്കാനാണ് അഭ്യർത്ഥന. ജനങ്ങളുടെ പങ്കാളിത്തത്തോടെ രാജ്യത്ത് രണ്ടാം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് തുടക്കമിടാനാകുമോ എന്ന് ചോദിച്ച അദ്ദേഹം, തന്റെ സന്ദേശം പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് പ്രചരിപ്പിക്കാനും ആവശ്യപ്പെട്ടു.

Also read: