19/10/2026
[fontresizer_tawhidurrahmandear_widget]

‘ഭാവിയിൽ യു.എസ് പ്രസിഡന്റ് ശത്രുവായേക്കാം’; ഇന്ത്യയുമായി സഖ്യം വേണമെന്ന് നെതന്യാഹു

 ‘ഭാവിയിൽ യു.എസ് പ്രസിഡന്റ് ശത്രുവായേക്കാം’; ഇന്ത്യയുമായി സഖ്യം വേണമെന്ന് നെതന്യാഹു

ജറുസലേം: ഭാവിയിൽ വരുന്ന യു.എസ് പ്രസിഡന്റ് ഇസ്രായേലിനോട് ശത്രുതാപരമായി പെരുമാറാൻ സാധ്യതയുണ്ടെന്നും, അതിനെ നേരിടാൻ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായി പുതിയ സഖ്യങ്ങൾ രൂപവത്കരിക്കണമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ഒക്ടോബർ 27-ന് നടക്കാനിരിക്കുന്ന ഇസ്രായേൽ തെരഞ്ഞെടുപ്പിന് ഒമ്പത് ദിവസം മുമ്പ് തന്റെ പുതിയ സുരക്ഷാ നയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുമുമ്പാണ് ഈ പരാമർശങ്ങൾ പുറത്തുവന്നത്. “രണ്ടോ നാലോ വർഷത്തിനകം ഇസ്രായേലിനോട് അതിയായ ശത്രുത പുലർത്തുന്ന ഒരു പ്രസിഡന്റ് വന്നേക്കാം” എന്ന് നെതന്യാഹു പറഞ്ഞു. അത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടും, യു.എസുമായുള്ള ബന്ധം എങ്ങനെയൊക്കെ മുന്നോട്ടുകൊണ്ടുപോകും എന്നീ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കൻ നയങ്ങളിൽ വരാവുന്ന വലിയ മാറ്റങ്ങളെ നേരിടാൻ തയ്യാറെടുക്കുമ്പോൾ തന്നെ ട്രംപിന്റെ കാലാവധിയുടെ ബാക്കി വർഷങ്ങൾ ഇസ്രായേലിന്റെ നില ഭദ്രമാക്കാൻ ഉപയോഗിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

“ഒന്നാമതായി, നല്ലകാലത്തായാലും ചീത്തക്കാലത്തായാലും ഈ രണ്ടു വർഷങ്ങളിലും തുടർന്നുള്ള രണ്ടു വർഷങ്ങളിലും അമേരിക്കൻ തലത്തിൽ നമ്മൾ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യണം. രണ്ടാമത്തെ കാര്യം മറ്റ് സഖ്യങ്ങൾ ഉണ്ടാക്കുക എന്നതാണ്. നമ്മുടെ മേഖലയിലുള്ളവരും പുറത്തുള്ളവരുമായ പല രാജ്യങ്ങളുമായി ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. ഇന്ത്യ ചെറിയ രാജ്യവുമല്ല, അതുപോലെ മറ്റ് നിരവധി രാജ്യങ്ങളുമുണ്ട്” -അദ്ദേഹം വ്യക്തമാക്കി. ലാറ്റിൻ അമേരിക്കയിലെ രാഷ്ട്രീയ മാറ്റങ്ങളും സഖ്യങ്ങൾ വികസിപ്പിക്കാനുള്ള മറ്റൊരു അവസരമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്രായേൽ ആഗോളതലത്തിൽ ഒറ്റപ്പെട്ടിട്ടില്ലെന്ന് വരുത്തിതീർക്കാനും തന്റെ സർക്കാരിന്റെ നയതന്ത്ര വിജയങ്ങൾ തെളിയിക്കാനും നെതന്യാഹു പലപ്പോഴും ഇന്ത്യയെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധത്തെയും ഉദാഹരിക്കാറുണ്ട്. ദീർഘകാലമായുള്ള യുദ്ധ സാഹചര്യങ്ങൾക്കിടയിലും അന്താരാഷ്ട്രതലത്തിൽ രാജ്യത്തിനുള്ള പിന്തുണ വ്യക്തമാക്കുന്നതിന്റെ ഭാഗമായി, ഈ വർഷം മേയ് മാസത്തിൽ ഇസ്രായേലിൽ ഇന്ത്യയോട് ‘അതിയായ സ്നേഹം’ ഉണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിൽ ‘തുല്യതയില്ലാത്ത ബന്ധമാണുള്ളതെന്നും’ അദ്ദേഹം പരാമർശിച്ചിരുന്നു.

അതേസമയം, യു.എസിലെ ഡെമോക്രാറ്റിക് പാർട്ടിയിൽ ഇസ്രായേലിനോട് വർധിച്ചുവരുന്ന അകൽച്ചക്ക് കാരണം നെതന്യാഹു മുൻകാലങ്ങളിൽ സ്വീകരിച്ച തെറ്റായ നിലപാടുകളാണെന്ന് ഇസ്രായേലിലെ പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. ബറാക് ഒബാമ, ജോ ബൈഡൻ തുടങ്ങിയ ഡെമോക്രാറ്റിക് പ്രസിഡന്റുമാരുമായുള്ള അദ്ദേഹത്തിന്റെ ബന്ധം എക്കാലത്തും ഉലച്ചിലുകൾക്ക് വിധേയമായിരുന്നു. എന്നാൽ, ഇസ്രായേലിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ അമേരിക്കൻ പ്രസിഡന്റുമാരെപ്പോലും ധൈര്യപൂർവ്വം എതിർക്കുന്ന ശക്തനായ നേതാവായി തന്നെ ചിത്രീകരിക്കാൻ നെതന്യാഹു ഈ അവസരങ്ങൾ ഉപയോഗിച്ചു. ഇസ്രായേലിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി തുടരുന്ന അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ കാതലും ഇതായിരുന്നു.

എന്നാൽ നെതന്യാഹുവിന്റെ പുതിയ സുരക്ഷാ നയപ്രഖ്യാപനത്തിനെതിരെ പ്രധാന എതിരാളിയായ ഗാഡി ഐസൻകോട്ട് കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇതൊരു ഗൗരവമേറിയ ദേശീയ സുരക്ഷാ തന്ത്രമല്ലെന്നും ഒഴിഞ്ഞുകിടക്കുന്ന രാഷ്ട്രീയ അടവ് മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also read: