‘ഏകദിന കിസാൻ മഹാപഞ്ചായത്തിന് ഡൽഹിയിലേക്ക് എത്താൻ പാടില്ല’; ആയിരത്തിലധികം കർഷകരെ അതിർത്തിയിൽ തടഞ്ഞ് ഹരിയാന സർക്കാർ
ന്യൂഡൽഹി: ഇന്ത്യ-യു.എസ് ഉഭയകക്ഷി വ്യാപാര കരാറിനെതിരെ ഡൽഹിയിലെ കിസാൻ ഘട്ടിൽ ഏകദിന കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട കർഷകരെ ഹരിയാന പോലീസ് ശംഭു അതിർത്തിയിൽ തടഞ്ഞതിനെതിരെ പ്രതിഷേധം. കർഷക നേതാവ് സർവാൻ സിങ് പന്ധേർ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്.
ഡൽഹിയിലേക്ക് സമാധാനപരമായി റാലി നടത്താനെത്തിയ തങ്ങളുടെ വാഹനങ്ങൾ തടയാൻ ഘാഗർ നദിക്ക് കുറുകെയുള്ള പാലത്തിൽ കോൺക്രീറ്റ് ബാരിക്കേഡുകളും സുരക്ഷാ ഭിത്തികളും കൊണ്ട് തടഞ്ഞ ഹരിയാന സർക്കാരിന്റെ നടപടി മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ യഥാർത്ഥ മുഖമാണ് പുറത്തുകൊണ്ടുവന്നതെന്ന് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി നേതാവായ പന്ധേർ ആരോപിച്ചു. വോട്ട് ചോദിച്ച് വരികയും വ്യാജ വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുന്ന ഹരിയാന ഭരണകൂടം, തലസ്ഥാനത്ത് സമാധാനപരമായി പ്രതിഷേധിക്കാനുള്ള കർഷകരുടെ ജനാധിപത്യ അവകാശത്തെയാണ് ഇല്ലാതാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഗുരുദ്വാര ശ്രീ ഫത്തേഗഡ് സാഹിബിൽ രാത്രി തങ്ങിയ ശേഷം ആയിരത്തിലധികം കർഷകർ ബസുകളിലായി മധോപൂർ വഴി ഡൽഹിയിലേക്ക് പുറപ്പെട്ട യാത്രയാണ് ശംഭു, ഖനൗരി അതിർത്തികളിൽ പോലീസ് തടഞ്ഞത്. അതിർത്തികളിൽ കുണ്ട്‌ലി ടോൾ പ്ലാസയ്ക്ക് സമീപം മതിൽ കെട്ടിയും സോനെപട്ടിലും അംബാലയിലും പ്രഖ്യാപനങ്ങളോടെയും പോലീസ് സുരക്ഷ ശക്തമാക്കുകയും ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.
അമേരിക്കയിൽ നിന്നുള്ള വിലകുറഞ്ഞ കാർഷിക ഇറക്കുമതി രാജ്യത്തെ കർഷകരുടെയും ക്ഷീരമേഖലയുടെയും ചെറുകിട വ്യാപാരികളുടെയും വരുമാനത്തെയും എം.എസ്.പിയെയും തകർക്കുമെന്നും, ഈ കരാറിനെക്കുറിച്ച് കർഷകരുമായി കേന്ദ്ര സർക്കാർ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും പന്ധേർ ചൂണ്ടിക്കാട്ടി. തുടർന്ന് കർഷകരും ഹരിയാന കൃഷിമന്ത്രി ശ്യാം സിംഗ് റാണയുമായി നടത്തിയ ചർച്ചയിൽ കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ മോചിപ്പിക്കാമെന്നും കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനുമായുള്ള കൂടിക്കാഴ്ച 10 ദിവസത്തിനകം ഉറപ്പാക്കാമെന്നും ഭരണകൂടം വാഗ്ദാനം ചെയ്തതോടെയാണ് കർഷകർ താൽക്കാലികമായി സമരം അവസാനിപ്പിക്കാൻ ധാരണയിലെത്തിയത്.