‘എഥനോൾ 2 മുതൽ 6 ശതമാനം വരെ കുറവുണ്ടാക്കും, പക്ഷെ എഞ്ചിനെ ബാധിക്കില്ല’; നിതിൻ ഗഡ്കരി
ന്യൂഡൽഹി: എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ മോഡലും പഴക്കവും അനുസരിച്ച് ഇന്ധനക്ഷമതയിൽ 2 മുതൽ 6 ശതമാനം വരെ കുറവുണ്ടാക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ലോക്‌സഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ഇ20 ഇന്ധനം ഉപയോഗിക്കുന്നത് എഞ്ചിന്റെ കാര്യക്ഷമതയെയോ ആയുസ്സിനെയോ ബാധിക്കുന്നില്ലെന്നും ഇതുവരെ എഞ്ചിനുകൾക്ക് തകരാർ സംഭവിച്ചതായി റിപ്പോർട്ടുകളില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എ.ആർ.എ.ഐ), സോസറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (സയാം), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവ സംയുക്തമായി നടത്തിയ വിപുലമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഇ10 പെട്രോളിനെ അപേക്ഷിച്ച് ഇ20 ഇന്ധനം വാഹനങ്ങൾക്ക് മെച്ചപ്പെട്ട വേഗതയും സുഗമമായ യാത്രയും നൽകുമെന്നും കാർബൺ പുറന്തള്ളൽ 30 ശതമാനത്തോളം കുറയ്ക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ, നിലവിൽ രാജ്യത്ത് ദശലക്ഷക്കണക്കിന് വാഹനങ്ങൾ എഥനോൾ കലർത്തിയ ഇന്ധനത്തിൽ സുരക്ഷിതമായി ഓടുന്നുണ്ടെന്നും, ഇ20 ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് നിർമ്മാതാക്കൾ കൃത്യമായി വാറണ്ടി ഉറപ്പാക്കുന്നുണ്ടെന്നും സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി.