‘വളർത്താനും പഠിപ്പിക്കാനും കുറേ പണം ചിലവാക്കി’; വിവാഹാലോചനക്ക് പിന്നാലെ 40 ലക്ഷം രൂപ നൽകില്ലെന്ന് പറഞ്ഞ മകളെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു
ബെംഗളൂരു: വിവാഹാലോചന വന്നതിന് പിന്നാലെ 40 ലക്ഷം രൂപ ആവശ്യപ്പെടുകയും അത് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് കോളേജ് അധ്യാപികയായ മകളെ പിതാവ് കത്തിക്കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. ബെംഗളൂരു രാജാനുകുണ്ഠയിലെ സ്വകാര്യ എൻജിനീയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായ ലക്ഷ്മി ദുർഗ്ഗയ്ക്കാണ് (30) കുത്തേറ്റത്. സംഭവത്തിൽ ടാക്‌സി െ്രെഡവറായ പിതാവ് നാഗേന്ദ്രയെ (52) പോലീസ് അറസ്റ്റ് ചെയ്തു.
ലക്ഷ്മി ദുർഗ്ഗയ്ക്ക് പുതിയ വിവാഹാലോചന വന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. മകളുടെ പഠനത്തിനും മറ്റുമായി താൻ വലിയ തുക ചെലവഴിച്ചിട്ടുണ്ടെന്നും അതിനാൽ പ്രതിശ്രുത വരന്റെ കുടുംബം തനിക്ക് 40 ലക്ഷം രൂപ നൽകണമെന്നും നാഗേന്ദ്ര ആവശ്യപ്പെട്ടു. വിവാഹശേഷവും മകൾ തനിക്ക് സാമ്പത്തിക സഹായം നൽകണമെന്നും ഇയാൾ വാശിപിടിച്ചു. എന്നാൽ ഈ ആവശ്യത്തെ ലക്ഷ്മിയും അമ്മയും ശക്തമായി എതിർക്കുകയും തുടർന്നുണ്ടായ തർക്കങ്ങളെ തുടർന്ന് വീട്ടിൽ നിന്ന് മാറി വേറെ താമസിക്കാൻ തുടങ്ങുകയും ചെയ്തു.
ഇതിന്റെ പ്രതികാരമായി നാഗേന്ദ്ര മകൾ ജോലി ചെയ്യുന്ന കോളേജിലെത്തി പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നും ഇറങ്ങിവന്ന ലക്ഷ്മിയെ ആക്രമിക്കുകയായിരുന്നു. കൈയിൽ കരുതിയിരുന്ന കത്തിയുപയോഗിച്ച് വയറ്റിലും നെഞ്ചിലും കഴുത്തിലും ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഇയാൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
കോളേജ് അധികൃതരും ജീവനക്കാരും ചേർന്ന് ഉടൻതന്നെ ലക്ഷ്മിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള യുവതി നിലവിൽ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയായ നാഗേന്ദ്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പണം നൽകാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് ഇയാൾ മൊഴി നൽകി.