‘സമരം കഴിഞ്ഞതോടെ ഒരുപാട് ആലോചനകൾ വരുന്നുണ്ട്’ അഭിജീത് ദിപ്‌കെയ്ക്ക് ഇനി കല്യാണമെന്ന് കുടുംബം
പൂനെ: വിദ്യാർത്ഥി പ്രക്ഷോഭം അവസാനിച്ചതോടെ സിജെപി സ്ഥാപകനായ തന്റെ മകന്റെ വിവാഹം നടത്താനുള്ള തയാറെടുപ്പിലാണ് അഭിജീത് ദിപ്‌കെയുടെ മാതാവ്. ആഗോള ശ്രദ്ധ നേടിയ സമരം വിജയിച്ചതോടെ നിരവധി ആലോചനകളാണ് വീട്ടിലേക്ക് വരുന്നതെന്ന് അമ്മ അനിത ദിപ്‌കെ മാധ്യമങ്ങളോട് പറഞ്ഞു. വരും മാസങ്ങളിൽ തന്നെ വിവാഹം നടത്താനാണ് കുടുംബത്തിന്റെ ആഗ്രഹമെങ്കിലും അന്തിമ തീരുമാനം അഭിജീതിന് തന്നെ വിട്ടുനൽകിയിരിക്കുകയാണ്.
അമേരിക്കയിലെ ബോസ്റ്റണിൽ പഠിക്കുന്ന സമയത്ത് തന്നെ വിവാഹകാര്യങ്ങൾ സംസാരിച്ചിരുന്നുവെങ്കിലും അഭിജീത് അത് പുഞ്ചിരിയോടെ മാറ്റിവെക്കുകയായിരുന്നുവെന്ന് അമ്മ ഓർക്കുന്നു. എന്നാൽ പ്രക്ഷോഭങ്ങൾ അവസാനിച്ച പശ്ചാത്തലത്തിൽ വീട്ടിൽ തിരിച്ചെത്തിയാലുടൻ വിവാഹ കാര്യം വീണ്ടും ചർച്ച ചെയ്യും. ബോസ്റ്റണിലായിരിക്കുമ്പോൾ പാർട്ടി രൂപീകരണത്തെക്കുറിച്ച് അഭിജീത് വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും പിന്നീട് വധഭീഷണികൾ ഉയർന്നതോടെ കുടുംബത്തിന് രഹസ്യമായി മാറിത്താമസിക്കേണ്ട സാഹചര്യം വന്നിരുന്നു.
സമരത്തിന് ശേഷം പൂനെയിലെ വീട്ടിലേക്ക് തിരിച്ചെത്താൻ തയ്യാറെടുക്കുന്നതിനിടെ ടൈഫോയ്ഡ് ബാധിച്ചതിനെ തുടർന്ന് അഭിജീതിന്റെ യാത്ര കുറച്ചുദിവസത്തേക്ക് നീട്ടിവെക്കുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം വീട്ടിലെത്തുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ മുൻനിർത്തി നടന്ന യുവജന പ്രക്ഷോഭം അവസാനിച്ചതോടെ, ഇനി മകന്റെ വിവാഹകാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മാതാപിതാക്കളുടെ തീരുമാനം.