‘അഞ്ച് മിനിറ്റ് വീട്ടിനുള്ളിൽ കയറി ഇരിക്കണം’; യുവതി മാത്രമുള്ള വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമം;ഡെലിവറി ബോയിയുടെ വീഡിയോ വൈറൽ
ബെംഗളൂരു: ക്വിക് കൊമേഴ്‌സ് ആപ്പായ സെപ്‌റ്റോയുടെ ഡെലിവറി ഏജന്റിൽ നിന്ന് യുവതിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തിന്റെ വീഡിയോ വൈറലായി. സാധനങ്ങൾ വിതരണം ചെയ്യാനെത്തിയ ഡെലിവറി ജീവനക്കാരൻ വീടിനുള്ളിൽ കയറാൻ ശ്രമിക്കുകയും ഭയപ്പെടുത്തുന്ന രീതിയിൽ പെരുമാറുകയും ചെയ്തതായി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലാണ് യുവതി വെളിപ്പെടുത്തിയത്. ബെംഗളൂരുവിലാണ് സംഭവം.
സാധനങ്ങൾ കൈമാറിയ ശേഷം ഇയാൾ കുടിക്കാൻ വെള്ളം ചോദിച്ചിരുന്നു. യുവതി ഒരു കുപ്പിയിൽ വെള്ളം നൽകുകയും കുപ്പി കൈവശം വെച്ചോളാൻ പറയുകയും ചെയ്തു. എന്നാൽ ആ വെള്ളം കുടിച്ച ശേഷം വീണ്ടും എത്തി മറ്റൊരു കുപ്പി വെള്ളം കൂടി ചോദിച്ച ഇയാൾ, അഞ്ച് മിനിറ്റ് വീടിനുള്ളിൽ കയറി ഇരിക്കാൻ അനുവാദം ചോദിക്കുകയായിരുന്നു. ഈ ആവശ്യം യുവതി നിരസിക്കുകയും വിശ്രമിക്കാൻ കെട്ടിടത്തിന് പുറത്ത് സൗകര്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. എന്നാൽ ഇത് വകവെക്കാതെ വീടിനുള്ളിൽ കയറണമെന്ന് ഇയാൾ വീണ്ടും നിർബന്ധം പിടിച്ചു.
തുടർന്ന് ഭയന്നുപോയ യുവതി ഗ്രിൽ ഗേറ്റ് പൂട്ടി അകത്തുകയറാൻ ശ്രമിച്ചപ്പോൾ ഇയാൾ തുടർച്ചയായി ഡോർ ബെൽ അടിക്കുകയും വാതിലിൽ ശക്തിയായി മുട്ടി പേടിപ്പിക്കുകയും ചെയ്തു. ഒടുവിൽ യുവതി വാതിൽ അടച്ച് അകത്തിരുന്ന ശേഷമാണ് ഇയാൾ അവിടെനിന്ന് മടങ്ങിയത്. തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും ഇത്തരം സേവനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടാണ് യുവതി ഈ സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
യുവതിയുടെ വീഡിയോ വൈറലാവുകയും വൻ പ്രതിഷേധം ഉയരുകയും ചെയ്തതോടെ വിഷയത്തിൽ സെപ്‌റ്റോ കമ്പനി ഇടപെടുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ ആരോപണവിധേയനായ ഡെലിവറി ഏജന്റിന്റെ അക്കൗണ്ടും ഐഡിയും കമ്പനി റദ്ദാക്കി. കൂടാതെ ഇയാളെ യുവതി താമസിക്കുന്ന പ്രദേശത്തെ ഡെലിവറികളിൽ നിന്ന് വിലക്കുകയും ചെയ്തു. ജീവനക്കാരന്റെ വ്യക്തിഗത വിവരങ്ങൾ കൈവശമില്ലാതിരുന്നതിനാൽ പോലീസിൽ പരാതി നൽകിയിരുന്നില്ലെന്ന് യുവതി പിന്നീട് വ്യക്തമാക്കുകയുണ്ടായി. രാജ്യത്തെ വൻനഗരങ്ങളിൽ ഹോം ഡെലിവറി നടത്തുന്ന ജീവനക്കാരുടെ പശ്ചാത്തല പരിശോധന കർശനമാക്കണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്.