പഴകിയ ഭക്ഷണം പുതിയ ലേബലിൽ വിപണിയിലേക്ക്; ആമസോണിലും ഇൻസ്റ്റാമാർട്ടിലും റെയ്ഡ്, 3 കോടിയുടെ സാധനങ്ങൾ പിടിച്ചെടുത്തു
ബെംഗളൂരു: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളിൽ പുതിയ ലേബൽ പതിപ്പിച്ച് വിപണിയിലെത്തിച്ച വൻ തട്ടിപ്പിൽ ബെംഗളൂരുവിൽ കർണാടക ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്റെ (കെ.എസ്.എഫ്.ഡി.എ) വ്യാപക പരിശോധന. ആമസോൺ, ഇൻസ്റ്റാമാർട്ട് കേന്ദ്രങ്ങളിലടക്കം കഴിഞ്ഞ ഒരാഴ്‌ചയായി നടത്തിയ തിരച്ചിലിൽ ഏകദേശം മൂന്ന് കോടി രൂപ വിലമതിക്കുന്ന കാലാവധി കഴിഞ്ഞതും വ്യാജ ലേബലൊട്ടിച്ചതുമായ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
ബെംഗളൂരുവിൽ സംഘടിപ്പിച്ച ഒരു പാർട്ടിയിൽ കെ.എസ്.എഫ്.ഡി.എ നടത്തിയ പരിശോധനയിലാണ് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വീണ്ടും ലേബൽ ചെയ്ത് വിൽപ്പനയ്ക്ക് എത്തിക്കുന്നതായി ആദ്യം കണ്ടെത്തിയത്. പാർട്ടിക്ക് ആവശ്യമായ സാധനങ്ങൾ എവിടെ നിന്നാണ് വാങ്ങിയതെന്ന അന്വേഷണം ഒടുവിൽ ചെന്നെത്തിയത് ആമസോണിന്റെ സ്റ്റോറിലായിരുന്നു. ഇതിനെത്തുടർന്ന് ദേവനഹള്ളിയിലെ ആമസോൺ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ റീലേബൽ ചെയ്ത 14 ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കളും 10 ലക്ഷം രൂപയുടെ കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. കൂടാതെ ലൈസൻസില്ലാതെ സൂക്ഷിച്ചിരുന്ന 2.45 ലക്ഷം രൂപയുടെ മരുന്നുകളും ഇവിടെനിന്ന് കണ്ടെടുത്തു.
മഡിവാളയിലെ ആമസോൺ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 19 ലക്ഷം രൂപയുടെ റീലേബൽ ചെയ്ത ഭക്ഷ്യവസ്തുക്കളും 13 ലക്ഷം രൂപയുടെ കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളും 1.57 ലക്ഷം രൂപയുടെ ലൈസൻസില്ലാത്ത മരുന്നുകളും പിടിച്ചെടുത്തു. ലിംഗരാജപുരത്ത് ‘ലിയോ 7 എന്റർപ്രൈസസ്’ എന്ന പേരിൽ ഷെഡിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ നിന്ന് 57 ലക്ഷം രൂപയോളം വരുന്ന കാലാവധി കഴിഞ്ഞതും വീണ്ടും ലേബൽ ചെയ്തതുമായ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തുകയും തുടർന്ന് സ്ഥാപനം പൂട്ടി സീൽ ചെയ്യുകയും ചെയ്തു.
ഹൊസ്കോട്ടെയിലെ ഇൻസ്റ്റാമാർട്ട് കേന്ദ്രത്തിൽനിന്ന് 42 ലക്ഷം രൂപയുടെ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് സ്ഥാപനം അടച്ചുപൂട്ടി. ഇവിടെ പരിശോധന തുടരുകയാണെന്നും തെറ്റായ ലേബലുകളുള്ളതും കാലാവധി കഴിഞ്ഞതുമായ ഉൽപ്പന്നങ്ങളുടെ ആകെ മൂല്യം ഒരു കോടിയിലേറെ വരാമെന്നും അധികൃതർ അറിയിച്ചു. എച്ച്.ബി.ആർ ലേഔട്ടിലെ സപ്തപ്ത ബസാറിൽ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ കശുവണ്ടി ബിസ്‌ക്കറ്റ്, റാഗി മാവ്, ചിക്കൻ പാറ്റീസ്, പനീർ, കുക്കീസ്, നട്‌സ്, മുട്ട, മാവ് തുടങ്ങിയവയും പിടിച്ചെടുത്തു.
ഇത്തരം തട്ടിപ്പുകൾ തടയുന്നതിനായി നിയമവകുപ്പിനും കേന്ദ്ര സർക്കാരിനും കത്തയച്ച് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കർണാടക ആരോഗ്യമന്ത്രി യു.ടി ഖാദർ വ്യക്തമാക്കി. നിലവിൽ ഇത്തരം സ്ഥാപന ഉടമകൾ നിസ്സാര പിഴയടച്ച് ഊരിപ്പോരുന്ന സാഹചര്യമാണുള്ളതെന്നും, അതിനാൽ ഇത്തരം പ്രവൃത്തികളെ ക്രിമിനൽ കുറ്റമാക്കുന്നതിനുള്ള നിയമനടപടികൾ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.