ആട്ടിറച്ചിയെന്ന് പറഞ്ഞ് നൽകിയത് ബീഫ്; ബംഗളൂരുവിൽ മലയാളികൾ അറസ്റ്റിൽ, ഹോട്ടൽ അടപ്പിച്ചു
ബംഗളൂരു: ആട്ടിറച്ചിക്ക് പകരം ബീഫ് കഴിക്കാൻ നൽകിയെന്ന ഉപഭോക്താക്കളുടെ പരാതിയെ തുടർന്ന് ബംഗളൂരുവിൽ മലയാളി ഹോട്ടൽ ഉടമകൾ അറസ്റ്റിൽ. മലയാളികളായ ജിജു, ഷിമ്പു എന്നിവരെയാണ് ബൊമ്മനഹള്ളി പോലീസ് അറസ്റ്റ് ചെയ്‌തത്. സംഭവവുമായി ബന്ധപ്പെട്ട് അഭിലാഷ് എന്ന മറ്റൊരു മലയാളി കൂടി ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി. ബൊമ്മനഹള്ളിയിലെ ഐസരി ഹബ്ബിൽ പ്രവർത്തിക്കുന്ന ‘കായലോരം’ എന്ന മലയാളി ഹോട്ടലിലാണ് വിവാദ സംഭവം നടന്നത്. ഉപഭോക്താക്കളുടെ പരാതിക്ക് പിന്നാലെ ഹോട്ടൽ പോലീസ് ഇടപെട്ട് പൂർണ്ണമായും അടപ്പിച്ചു.
ഒന്നര വർഷം മുൻപാണ് ഈ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ചിലർ മട്ടൻ വിഭവങ്ങൾ ഓർഡർ ചെയ്‌തിരുന്നു. എന്നാൽ തങ്ങൾക്ക് വിളമ്പിയത് ആട്ടിറച്ചിയല്ലെന്ന സംശയം ഉയർന്നതോടെ ഇവർ ഹോട്ടൽ ജീവനക്കാരോട് ചോദ്യങ്ങൾ ഉന്നയിച്ചു. ജീവനക്കാരുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിക്കാതിരുന്നതിനെ തുടർന്ന് ഉപഭോക്താക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവസ്ഥലത്തെത്തി പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ആട്ടിറച്ചിക്ക് പകരം ബീഫാണ് നൽകിയതെന്ന് കണ്ടെത്തിയതോടെ ഹോട്ടൽ പൂട്ടാൻ നിർദ്ദേശം നൽകി. ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത ഇറച്ചി സാമ്പിളുകൾ കൂടുതൽ സ്ഥിരീകരണത്തിനായി ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബംഗളൂരു പോലീസ് അറിയിച്ചു.