മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട വഴിയുടെ സമീപം സ്‌ഫോടകവസ്തുക്കൾ; ഒരാൾ കസ്റ്റഡിയിൽ
ബെംഗളൂരു: ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിന് തൊട്ടടുത്ത് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത് വലിയ സുരക്ഷാ ആശങ്കയ്ക്ക് കാരണമായി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട പാതയ്ക്ക് സമീപത്തുനിന്നാണ് ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തത്. കഗ്ഗാലിപുരയിലെ താത്തഗുനിക്ക് സമീപമുള്ള കോമ്പൗണ്ട് വാളിനോട് ചേർന്നാണ് ഇവ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം വാർഷികാഘോഷത്തിലും ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം പിറന്നാളാഘോഷത്തിലും പങ്കെടുക്കാനാണ് പ്രധാനമന്ത്രി നഗരത്തിലെത്തുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കോരമംഗല സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എച്ച്എഎൽ പരിസരത്തും ആർട്ട് ഓഫ് ലിവിങ് സെന്ററിന് സമീപവും സ്ഫോടനം നടക്കുമെന്ന് ഇയാൾ രാവിലെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചിരുന്നു. ഈ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വ്യാപക തിരച്ചിലിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. എച്ച്എഎൽ പരിസരത്ത് നിന്ന് അസ്വാഭാവികമായി ഒന്നും ലഭിച്ചില്ലെങ്കിലും ആർട്ട് ഓഫ് ലിവിങ് സെന്ററിലേക്കുള്ള വഴിയിൽ ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിലുള്ളയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.