മോദിയുടെ ചിത്രം ചവിട്ടിയെന്ന് പരാതി; എം.എസ്.എഫ്, എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്
നരേന്ദ്ര മോദി
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കീറിയെറിഞ്ഞ് ചവിട്ടിയെന്ന പരാതിയിൽ എം.എസ്.എഫ്, എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്. പാലക്കാട് മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജിൽ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമാപനത്തിനിടെ സംഭവമുണ്ടായെന്നാണ് ആരോപണം. ഇരുസംഘടനകളിലെയും 15-ഓളം വിദ്യാർഥികൾക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഒക്ടോബർ 13-ന് വൈകീട്ട് 4.30-ഓടെ കോളജിന് മുന്നിൽ നടന്ന പ്രചാരണത്തിന്റെ സമാപന പരിപാടിക്കിടെയാണ് സംഭവം. പരിപാടിക്കിടെ പ്രധാനമന്ത്രിയുടെ ചിത്രം വലിച്ചുകീറി നിലത്തിട്ട് ചവിട്ടിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. പൊതുജനങ്ങൾക്കിടയിൽ കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരത്തിൽ പ്രവർത്തിച്ചതെന്നും പരാതിയിൽ ആരോപിക്കുന്നു.
മണ്ണാർക്കാട് സ്വദേശിയും ബി.ജെ.പി നേതാവുമായ ബിജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മണ്ണാർക്കാട് പോലീസ് കേസെടുത്തത്. കലാപത്തിന് കാരണമായേക്കാമെന്ന് അറിഞ്ഞുകൊണ്ട് നിയമവിരുദ്ധമായ പ്രവൃത്തി മനഃപൂർവം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.