‘ഒബിസി സംവരണം വെട്ടിക്കുറച്ച് മുസ്ലിംകൾക്ക് നൽകാൻ പ്രതിപക്ഷം ശ്രമിക്കുന്നു’; ഭരണഘടനാ ദിനത്തിൽ രൂക്ഷവിമർശനവുമായി മോദി
ന്യൂഡൽഹി: ഒബിസി വിഭാഗങ്ങളുടെ സംവരണം വെട്ടിക്കുറച്ച് മുസ്ലിം സംവരണം കൊണ്ടുവരാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് തന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രത്യേക ലേഖനത്തിലാണ് പ്രതിപക്ഷത്തിന്റെ നീക്കം അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം വിമർശിച്ചത്.
ഭരണഘടനാ ശില്പികൾ പൂർണ്ണമായും തള്ളിക്കളഞ്ഞ അജണ്ടയാണ് പ്രതിപക്ഷം ഇപ്പോൾ മുന്നോട്ടുവെക്കുന്നതെന്ന് പ്രധാനമന്ത്രി ലേഖനത്തിൽ ചൂണ്ടിക്കാട്ടി. ഒ.ബി.സി സംവരണം കുറയ്ക്കാനും മുസ്ലിം സംവരണം കൊണ്ടുവരാനും പ്രതിപക്ഷത്തെ ഏറ്റവും വലിയ പാർട്ടി ആഗ്രഹിക്കുന്നത് അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം കുറിച്ചു. പാർട്ടിയുടെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും കോൺഗ്രസിനെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമന്ത്രിയുടെ ഈ പരാമർശം. അഞ്ച് പതിറ്റാണ്ടോളം ഇന്ത്യ ഭരിക്കാൻ അവസരം ലഭിച്ചവർ ഭരണഘടനയെ ദുർബലപ്പെടുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
പാർലമെന്റിൽ പ്രതിപക്ഷം നിരന്തരം തടസ്സവാദങ്ങൾ ഉന്നയിക്കുന്നതിനെയും പ്രധാനമന്ത്രി വിമർശിച്ചു. പ്രതിപക്ഷം ‘വിരോധ് പക്ഷം’ എന്നതിലുപരി ‘അവരോധ് പക്ഷം’ (തടസ്സവാദികൾ) ആയി മാറിയെന്ന് തോന്നുന്നുവെന്നും, ജനാധിപത്യ പ്രക്രിയകൾ തടസ്സപ്പെടുത്തുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിന് പകരമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം ആദ്യം പാർലമെന്റിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതും പ്രധാനമന്ത്രി ലേഖനത്തിൽ എടുത്തുപറഞ്ഞു. ബിൽ പാസാക്കാൻ പ്രതിപക്ഷ പാർട്ടി അനുവദിച്ചില്ലെന്നും ഭരണഘടനാ മൂല്യങ്ങളോട് അവഹേളനമാണ് അവർ കാണിച്ചതെന്നും മോദി കുറ്റപ്പെടുത്തി. എന്നാൽ, ഇന്ത്യയിലെ ‘നാരി ശക്തി’ക്ക് നീതി ഉറപ്പാക്കുന്നതിൽ നിന്ന് ഒരു ശക്തിക്കും തങ്ങളെ തടയാനാകില്ലെന്ന് ഉറപ്പുനൽകുന്നതായും പ്രധാനമന്ത്രി ലേഖനത്തിൽ കൂട്ടിച്ചേർത്തു.