‘ഭിന്നിപ്പുണ്ടാക്കുന്ന ശക്തികൾക്കെതിരെ സമൂഹം ഒന്നിക്കണം’; പുതിയ വിപത്തുകളെ നേരിടാൻ ആഹ്വാനം ചെയ്ത് മോദി
ന്യൂഡൽഹി: രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുന്ന ശക്തികൾക്കെതിരെ സമൂഹത്തെ ഒന്നിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുതായി ഉടലെടുക്കുന്ന സാമൂഹിക വിപത്തുകളെയും വെല്ലുവിളികളെയും നേരിടാനും സ്വയംപര്യാപ്തത കൈവരിക്കാൻ പൗരന്മാർക്ക് പ്രചോദനം നൽകാനും കഴിയണമെന്ന് നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഡൽഹിയിൽ ചിന്മയ അമൃത് മഹോത്സവ് ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
“കഴിഞ്ഞ ഏതാനും ദശകങ്ങൾക്കിടയിൽ കാലം വല്ലാതെ മാറി, രാജ്യത്തിനുമുന്നിൽ പുതിയ വെല്ലുവിളികൾ രൂപപ്പെട്ടു. ഒപ്പം പുതിയ സാമൂഹിക തിന്മകളും ഉടലെടുത്തു. അവ പരിഹരിക്കാനുള്ള ഉത്തരവാദിത്തം ഇന്ന് നമ്മിൽ ഓരോരുത്തരിലുമാണ് നിക്ഷിപ്തമായിരിക്കുന്നത്.” – പ്രധാനമന്ത്രി പറഞ്ഞു.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്കും സർക്കാരിനുമെതിരെ യുവാക്കളും പ്രതിപക്ഷ പാർട്ടികളും പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ വാക്കുകൾ.
ഇന്ത്യൻ സംസ്കാരത്തിന്റെ ജന്മഭൂമിയും രാജ്യത്തിന്റെ നിലനിൽപ്പിന്റെ അടിത്തറയുമാണ് ഈ നാടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഓരോ വ്യക്തിയെയും ബന്ധിപ്പിക്കാൻ കഴിയണം. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി നാം കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കണമെന്നും മോദി ആഹ്വാനം ചെയ്തു.
1951-ൽ സ്വാമി ചിന്മയാനന്ദ രൂപം നൽകിയ ആഗോള ആത്മീയ പ്രസ്ഥാനമായ ചിന്മയ മിഷന്റെ 75-ാം വാർഷികാഘോഷങ്ങളുടെ സമാപനച്ചടങ്ങുകൾക്കാണ് ഡൽഹിയിൽ തുടക്കമായത്. ത്രിദിന സമ്മേളനത്തിൽ ഇന്ത്യയിലും വിദേശത്തുനിന്നുമായി ഒൻപതിനായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.