‘കശാപ്പ് ചെയ്യുന്നവരിൽ നിന്ന് എൻ്റെ ആളുകൾ പശുക്കളെ രക്ഷിക്കുന്നു; ഓഫീസിൽ പോകുന്നതിന് മുൻപ് പശുക്കളെ പരിചരിക്കുന്നതാണ് ദിനചര്യ, പ്രചോദനം പ്രധാനമന്ത്രി നരേന്ദ്ര മോദി’: അനന്ത് അംബാനി
മുംബൈ: പശുപരിപാലനത്തിലും മൃഗസംരക്ഷണത്തിലും തന്റെ പ്രവർത്തനങ്ങളെയും നിത്യജീവിതത്തെയും കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി സംസാരിച്ച വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
പാലുൽപ്പാദിപ്പിക്കാത്ത ഏഴ് ലക്ഷം പശുക്കൾ ഉൾപ്പെടെ ഏകദേശം ഒൻപത് ലക്ഷത്തോളം പശുക്കളുടെ സംരക്ഷണ ചുമതല താൻ ഏറ്റെടുത്തിട്ടുണ്ടെന്ന് അനന്ത് അംബാനി വെളിപ്പെടുത്തി. പരിക്കേറ്റവയും, പാലുൽപ്പാദനം നിലച്ചവയും, കശാപ്പ്ശാലകളിൽ നിന്ന് രക്ഷപ്പെടുത്തിയവയും ഇതിൽ ഉൾപ്പെടുന്നു. പശുക്കളെ രക്ഷപ്പെടുത്താനായി എട്ട് സംസ്ഥാനങ്ങളിലായി 100 ആംബുലൻസുകൾ പ്രവർത്തിക്കുന്നുണ്ടെന്നും, ഇതുവരെ 50,000-ത്തോളം പശുക്കളെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“പശുക്കളെ കശാപ്പ് ചെയ്യുന്നത് നിയമപരമായി അനുവദിച്ചിട്ടുള്ള രണ്ടോ മൂന്നോ സംസ്ഥാനങ്ങളിൽ നിന്ന് തന്റെ ആളുകൾ അവയെ സുരക്ഷിതമായി രക്ഷപ്പെടുത്തുന്നുണ്ട്,” എന്ന് അദ്ദേഹം പറഞ്ഞു. ഓഫീസിൽ പോകുന്നതിന് മുൻപ് വീട്ടിലെ ആറ് പശുക്കളെ പരിചരിക്കുന്നതാണ് തന്റെ ദിനചര്യയെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളാണ് ഇതിന് പ്രചോദനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യത്ത് കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിയമങ്ങളാണുള്ളത്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ കശാപ്പിന് നിയമപരമായ നിരോധനങ്ങളില്ല. ഇതോടൊപ്പം, തമിഴ്നാട്ടിൽ ബീഫ് കഴിച്ചതിന്റെ പേരിൽ അധ്യാപകനിൽ നിന്നും സഹപാഠികളിൽ നിന്നും ജാതിവിവേചനവും അധിക്ഷേപവും നേരിട്ട ദലിത് വിദ്യാർഥി എ. അഖിലൻ (16) ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രിൻസിപ്പൽ അടക്കം നാലുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
മൃഗസംരക്ഷണത്തിന് പുറമെ, സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച വേദാൻഷ് സിംഗ് എന്ന കുട്ടിക്ക് 16 കോടിയോളം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്തതും അനന്ത് അംബാനിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ പ്രശംസ നേടിക്കൊടുത്തു.