21/10/2026
[fontresizer_tawhidurrahmandear_widget]

‘വോട്ടർപട്ടികയിൽ നിന്ന് നീക്കിയ 13 കോടി ജനങ്ങൾ ബംഗ്ലാദേശികളാണോ?, കഴിഞ്ഞ 12 വർഷമായി മോദി രാജ്യത്തെ വഞ്ചിക്കുന്നു’; മോദിക്കും അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് ഉദ്ധവ് താക്കറെ

 ‘വോട്ടർപട്ടികയിൽ നിന്ന് നീക്കിയ 13 കോടി ജനങ്ങൾ ബംഗ്ലാദേശികളാണോ?, കഴിഞ്ഞ 12 വർഷമായി മോദി രാജ്യത്തെ വഞ്ചിക്കുന്നു’; മോദിക്കും അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് ഉദ്ധവ് താക്കറെ

മുംബൈ: ശിവസേനയുടെ 60-ാം വാർഷികവും സ്ഥാപകൻ ബാലാസാഹെബ് താക്കറെയുടെ ജന്മശതാബ്ദിയും ഒത്തുവന്ന ദസറ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷവിമർശനവുമായി ഉദ്ധവ് താക്കറെ. എസ്ഐആർ നടപടികളിലൂടെ രാജ്യത്തെ വോട്ടർപട്ടികയിൽ നിന്ന് 13 കോടി ജനങ്ങളെ നീക്കം ചെയ്തത് ലജ്ജാകരമാണെന്നും, ഇത്രയും പേർ ബംഗ്ലാദേശികളാണോ എന്നും അദ്ദേഹം ചോദിച്ചു.

മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന ശിവസേന (യു.ബി.ടി) റാലിയിൽ സംസാരിക്കുകയായിരുന്നു മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി കൂടിയായ അദ്ദേഹം. ജനങ്ങളുടെ വോട്ടവകാശം കവർന്നെടുക്കുന്ന സാഹചര്യത്തിൽ ഭരണമാറ്റം ആവശ്യപ്പെടുകയല്ലാതെ മറ്റ് വഴിയില്ലെന്നും, ഭരണമാറ്റത്തിനായി തങ്ങൾ മുന്നിട്ടിറങ്ങുകയാണെന്നും ഉദ്ധവ് വ്യക്തമാക്കി. പ്രതിഷേധിക്കുന്ന യുവാക്കളെ ‘അർബൻ നക്‌സലുകൾ’ എന്നും ‘ദിമാംഗി നക്സലുകൾ’ എന്നും മുദ്രകുത്തി വേട്ടയാടുന്ന ബിജെപിയുടെ നടപടിയെ അദ്ദേഹം ശക്തമായി അപലപിച്ചു. യുവാക്കളെ ആക്ഷേപിക്കുന്നതിന് പകരം അവരുടെ ശബ്ദം കേൾക്കാൻ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യം ഇന്ന് നേരിടുന്ന എല്ലാ പ്രതിസന്ധികൾക്കും കാരണം നരേന്ദ്ര മോദിയും അമിത് ഷായുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ 12 വർഷമായി രാജ്യത്തെ വഞ്ചിക്കുന്ന മോദി അതിനുള്ള വില നൽകേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. യുവാക്കൾക്ക് തൊഴിൽ നൽകാതെ ‘ജയ് ശ്രീറാം’ എന്ന് പറയാൻ പ്രേരിപ്പിക്കുന്ന രീതിയാണ് ബി.ജെ.പിയുടേതെന്നും, വോട്ടുകളും ജനാധിപത്യവും മോഷ്ടിച്ചാണ് അവർ അധികാരത്തിൽ തുടരുന്നതെന്നും ഉദ്ധവ് ആരോപിച്ചു. രാജ്യത്ത് വർഗീയതയും ജാതീയതയും വളർത്തി ചാതുർവർണ്യ വ്യവസ്ഥ തിരികെ കൊണ്ടുവരാനാണ് ബി.ജെ.പിയുടെ ശ്രമം. ബി.ജെ.പി കാവി നിറത്തെക്കുറിച്ച് മാത്രം സംസാരിക്കുമ്പോൾ, ബുദ്ധമതക്കാർക്ക് അത് നീലയും മുസ്‌ലിംകൾക്ക് പച്ചയും മറ്റുള്ളവർക്ക് വെള്ളയുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

60 വർഷങ്ങൾക്ക് മുമ്പ് ഇതേ ശിവാജി പാർക്കിലാണ് ശിവസേനയുടെ ആദ്യത്തെ ദസറ റാലി നടന്നതെന്ന് അനുസ്മരിച്ച ഉദ്ധവ്, മഹാരാഷ്ട്ര നിയമസഭയിൽ മാത്രമല്ല ഡൽഹിയിലെ ചെങ്കോട്ടയിലും ഭാവിയിൽ ശിവസേനയുടെ കാവിപ്പതാക ഉയർത്തണമെന്ന് അണികളോട് ആഹ്വാനം ചെയ്തു. രാഷ്ട്രീയ എതിരാളികളെ പണം കൊടുത്ത് വാങ്ങുന്ന ബി.ജെ.പിയുടെ കുതിരക്കച്ചവടത്തെയും അദ്ദേഹം ചോദ്യം ചെയ്തു. സാധാരണക്കാരായ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് എം.എൽ.എമാരെ ചാക്കിട്ടുപിടിക്കാൻ കോടികളാണ് ഒഴുക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡോ. ബി.ആർ. അംബേദ്കറുടെ ‘ജാതിവ്യവസ്ഥയുടെ ഉന്മൂലനം’, മഹാത്മാ ഫുലെയുടെ ‘ഗുലാമഗിരി’ തുടങ്ങിയ ചരിത്ര കൃതികൾ പരാമർശിച്ചുകൊണ്ടായിരുന്നു ഉദ്ധവ് താക്കറെ പ്രസംഗം അവസാനിപ്പിച്ചത്.

Also read: