21/10/2026
[fontresizer_tawhidurrahmandear_widget]

മടക്കിവെക്കാവുന്ന സ്പൂണുമായി ഇന്ത്യൻ ഡിസൈനർ; അമേരിക്കൻ ഷോയിൽ നേടിയത് 3.3 കോടി

 മടക്കിവെക്കാവുന്ന സ്പൂണുമായി ഇന്ത്യൻ ഡിസൈനർ; അമേരിക്കൻ ഷോയിൽ നേടിയത് 3.3 കോടി

അടുക്കളയിലെ ലളിതമായ പ്രശ്നത്തിന് പ്രായോഗിക പരിഹാരം കണ്ടെത്തി അമേരിക്കൻ റിയാലിറ്റി ഷോയായ ‘ഷാർക്ക് ടാങ്ക് യുഎസ്എ’യിൽ ശ്രദ്ധേയനായി ഇന്ത്യൻ ഇൻഡസ്ട്രിയൽ ഡിസൈനർ. ‘പോളിഗോൺസ് ഡിസൈൻ’ സ്ഥാപകനായ രാഹുൽ അഗർവാളാണ് മടക്കി ഉപയോഗിക്കാവുന്ന അളവ് സ്പൂണുകൾ അവതരിപ്പിച്ച് 3.5 ലക്ഷം ഡോളറിന്റെ (ഏകദേശം 3.3 കോടി രൂപ) നിക്ഷേപം സ്വന്തമാക്കിയത്.

ഷാർക്ക് ടാങ്ക് സീസൺ 18-ലെ നാലാമത്തെ എപ്പിസോഡിലായിരുന്നു രാഹുലിന്റെ നേട്ടം. പ്രശസ്ത നിക്ഷേപക ലോറി ഗ്രെയ്‌നറും നടിയും എഴുത്തുകാരിയുമായ മിണ്ടി കാലിങ്ങും ചേർന്നാണ് നിക്ഷേപം നൽകിയത്. കമ്പനിയുടെ 8 ശതമാനം ഓഹരിയും 2 ശതമാനം അഡ്വൈസറി ഓഹരിയും ഉൾപ്പെടെ ആകെ 10 ശതമാനം പങ്കാളിത്തത്തിനാണ് കരാർ.

ജപ്പാനിലെ കടലാസ് മടക്കൽ കലയായ ഒറിഗാമിയിൽ നിന്നാണ് ഡിസൈൻ വികസിപ്പിച്ചത്. സാധാരണ ആറ് സ്പൂണുകൾ അടങ്ങിയ സെറ്റിന് പകരം മടക്കി ഉപയോഗിക്കാവുന്ന വെറും രണ്ട് സ്പൂണുകളാണ് ഇതിലുള്ളത്. 2.8 മില്ലിമീറ്റർ മാത്രം കനമുള്ള പരന്ന പ്രതലം നിശ്ചിത ഭാഗങ്ങളിൽ അമർത്തുമ്പോൾ വ്യത്യസ്ത അളവുകളുള്ള സ്പൂണുകളായി മാറും.

ഭക്ഷ്യസുരക്ഷിത വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഇതിൽ ഫ്രിഡ്ജിൽ ഒട്ടിച്ചുവെക്കാൻ കാന്തവും ഘടിപ്പിച്ചിട്ടുണ്ട്. വലിയ സ്പൂൺ ഉപയോഗിച്ച് അര, ഒന്ന്, രണ്ട് ടേബിൾസ്പൂണായും ചെറിയ സ്പൂൺ ഉപയോഗിച്ച് കാൽ, അര, ഒന്ന് ടീസ്‌പൂണായും അളക്കാം.

2014-ൽ അഹമ്മദാബാദ് എൻഐഡിയിൽ പഠിക്കുമ്പോഴാണ് ഒരു സീനിയർ വിദ്യാർത്ഥിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാഹുൽ ഈ ഡിസൈൻ വികസിപ്പിച്ചത്. റെഡ് ഡോട്ട്, ഐ.എഫ് ഡിസൈൻ ഉൾപ്പെടെ 20-ലധികം അന്താരാഷ്ട്ര പുരസ്കാരങ്ങൾ ഈ കണ്ടുപിടുത്തത്തിന് ലഭിച്ചിട്ടുണ്ട്. ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിന്റെ ഡിസൈൻ സ്റ്റോറിലും ഇത് ഇടംനേടി.

ഷാർക്ക് ടാങ്കിൽ എത്തുന്നതിന് മുൻപ് തന്നെ പേറ്റന്റ് സ്വന്തമാക്കിയ പോളിഗോൺസ്, 110-ലേറെ രാജ്യങ്ങളിലായി രണ്ട് ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു.

Also read: