‘ദുബൈയിൽ ജോലിയുണ്ട്, വിദേശയാത്രാവിലക്ക് നീക്കണം’; ഹൈക്കോടതിയെ സമീപിച്ച് ടോമിൻ തച്ചങ്കരി
കൊച്ചി: ദുബൈയിലേക്ക് യാത്ര ചെയ്യാൻ അനുമതി തേടി മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചു. ദുബൈയിലെ ഒരു സ്ഥാപനത്തിൽ ജോലിയുണ്ടെന്നും അവിടെ മറ്റൊരു കമ്പനിയുമായി ബന്ധപ്പെട്ട് നിക്ഷേപമുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഹരജി നൽകിയിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ മരവിപ്പിച്ചെങ്കിലും തച്ചങ്കരിക്ക് നിലവിൽ വിദേശയാത്രാ വിലക്കുണ്ട്. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പുതിയ നീക്കം. അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
അനധികൃത സ്വത്തുസമ്പാദന കേസിൽ കഴിഞ്ഞ സെപ്റ്റംബർ 17-നാണ് കോട്ടയം വിജിലൻസ് കോടതി ടോമിൻ തച്ചങ്കരിക്ക് നാലുവർഷം കഠിനതടവും മുപ്പതു ലക്ഷത്തിലധികം രൂപ പിഴയും വിധിച്ചത്. തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിലടച്ച അദ്ദേഹത്തെ, സംസ്ഥാനത്ത് ആദ്യമായി അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന മുൻ ഡിജിപി എന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരുമാസത്തോളം ശിക്ഷ അനുഭവിച്ച തച്ചങ്കരി, പിന്നീട് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതിനെ തുടർന്നാണ് ജയിൽമോചിതനായത്.