26/09/2026
[fontresizer_tawhidurrahmandear_widget]

നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; അൻസിബയുടെ പരാതിയിൽ നടപടി

 നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; അൻസിബയുടെ പരാതിയിൽ നടപടി

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ ചലച്ചിത്രതാരം ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് എറണാകുളം മജിസ്ട്രേറ്റ് കോടതി. യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് അൻസിബയുടെ പരാതി.

നേരത്തെ പരാതി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. എന്നാൽ ഇതിനെതിരെ അൻസിബ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു. പരാതിയിൽ ഗുരുതരമായ കുറ്റമില്ലെന്ന നിഗമനത്തിലെത്തുന്നതിന് മുൻപ് വിഷയം മതിയായ രീതിയിൽ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കിയത്.

ഹൈക്കോടതി നിർദേശപ്രകാരം ഹരജി വീണ്ടും പരിഗണിച്ചാണ് മജിസ്ട്രേറ്റ് കോടതിയുടെ പുതിയ നടപടി. പരാതിയിലെ ആരോപണങ്ങൾ സ്വതന്ത്രമായി വിലയിരുത്തി പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കുന്നുണ്ടോ എന്നും, കൂടുതൽ തെളിവുകൾക്കായി പൊലീസ് അന്വേഷണം ആവശ്യമുണ്ടോ എന്നും പരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.

നേരത്തെ വിഷയം പൊലീസിൽ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്. കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യം തള്ളി, പരാതി സ്വകാര്യ അന്യായമായി മാറ്റി ഹരജിക്കാരിയുടെ മൊഴിയെടുക്കാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഈ നടപടി സുപ്രീം കോടതി വിധികളുടെ ലംഘനമാണെന്ന് കാണിച്ചാണ് അൻസിബ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.

Also read: