22/11/2026
[fontresizer_tawhidurrahmandear_widget]

‘ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാർ; റോഡുകളിൽ ഫുട്പാത്തുമില്ല, സ്ഥാപിച്ചില്ലെങ്കിൽ കർശന നടപടി’: രൂക്ഷവിമർശനവുമായി ഹൈക്കോടതി

 ‘ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാർ; റോഡുകളിൽ ഫുട്പാത്തുമില്ല, സ്ഥാപിച്ചില്ലെങ്കിൽ കർശന നടപടി’: രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ ബസുകളുടെ മരണപ്പാച്ചിലിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. എന്തുതരം ഡ്രൈവിങ് ആണിതെന്ന് ചോദിച്ചാണ് ഹൈക്കോടതി രൂക്ഷമായി പ്രതികരിച്ചത്. അപകടകരമായ രീതിയിലും അമിത വേഗത്തിലും സഞ്ചരിക്കുന്ന ബസുകൾക്കെതിരെ കർശന നടപടിയെടുക്കാൻ കോടതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് നിർദേശിച്ചു. വിഷയത്തിൽ കൊച്ചി കോർപ്പറേഷന് അന്ത്യശാസനം നൽകിയ കോടതി, നടപടിയെടുത്തില്ലെങ്കിൽ കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും താക്കീത് നൽകി.

കാക്കനാട് യുവതി അപകടത്തിൽപ്പെട്ട ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷണം. അപകടത്തിന്റെ തീവ്രത ചൂണ്ടിക്കാണിച്ച കോടതി, അപകട ദൃശ്യങ്ങൾ ഒരിക്കൽകൂടി കാണാനാവില്ലെന്നും പറഞ്ഞു. ബസ് ഡ്രൈവർമാർ ‘നിരത്തിലെ കാലന്മാർ’ എന്നാണ് കോടതി പരാമർശിച്ചത്. റോഡുകളിൽ ഫുട്പാത്തുകളില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ഫുട്പാത്തുകളില്ലാത്തതാണ് അപകടത്തിന് കാരണമെന്നും വ്യക്തമാക്കി. ഫുട്പാത്ത് സ്ഥാപിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നും കോടതി പറഞ്ഞു.

പൗരന്മാർ എന്തുചെയ്യണമെന്നും ഹൈക്കോടതി ചോദിച്ചു. റോഡരുകിൽ ആരെങ്കിലുമുണ്ടോ എന്ന് ഡ്രൈവർമാർ കാണുന്നില്ല. അപകടകരമായാണ് ഡ്രൈവിങ് നടത്തുന്നത്. ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത ഡ്രൈവർമാർ വാഹനം ഓടിക്കാൻ യോഗ്യരല്ലെന്നും കോടതി വ്യക്തമാക്കി. മരണപ്പാച്ചിൽ നിയന്ത്രിക്കാൻ പൊലീസ് എന്ത് ചെയ്യുമെന്നാണ് ഹൈക്കോടതിയുടെ ചോദ്യം. പൗരന് സംരക്ഷണം നൽകാൻ ഭരണകൂടത്തിന് കഴിഞ്ഞില്ലെന്നും, മരിച്ച യുവതിയുടെ കുടുംബത്തോട് മാപ്പപേക്ഷിക്കണമെന്നും ഭരണകൂടം അത് ചെയ്തില്ലെന്നും കോടതി പറഞ്ഞു.

കുറ്റക്കാരായ ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് കോടതിയുടെ തീരുമാനം. ജീവന് തുല്യം വെയ്ക്കാൻ മറ്റൊന്നുമില്ല. എല്ലാദിവസവും അപകടം സംഭവിക്കുന്നു. ബസിനുള്ളിലും പുറത്തും ഉള്ളവർ അപകടത്തിന് ഇരയാകുന്നു. ബസ് ഡ്രൈവർമാർക്ക് നിയമത്തെയും പൊലീസിനെയും ഭയമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ബസുകളുടെ സമയക്രമം പാലിക്കാനാണ് അപകടകരമായി വാഹനമോടിക്കുന്നതെന്ന വാദം എങ്ങനെ അംഗീകരിക്കാനാകുമെന്ന് കോടതി ചോദിച്ചു. ബസുകളുടെ സമയക്രമത്തെക്കുറിച്ച് പൊലീസ് ചിന്തിക്കേണ്ടതില്ലെന്നും സമയക്രമം പരിശോധിക്കേണ്ടത് പൊലീസിന്റെ ചുമതലയല്ലെന്നും കോടതി വ്യക്തമാക്കി. കൊച്ചി പഴയ കൊച്ചിയല്ലെന്നും നിരത്തുകളിൽ ഇപ്പോൾ കൂടുതൽ ആളുകളുണ്ടെന്നും കോടതി ഓർമിപ്പിച്ചു.

Also read: