‘നീതി കിട്ടിയിട്ടില്ല, ജഡ്ജി ഊരിപ്പോരാൻ സകല തന്ത്രങ്ങളും പയറ്റുന്നു’; കോടതിവിധിക്കെതിരെ ജയബാലകൃഷ്ണന്റെ കുടുംബം
കൊച്ചി: തങ്ങൾക്ക് നീതി കിട്ടിയിട്ടില്ലെന്ന് ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് മരിച്ച തട്ടുകടയുടമ ജയബാലകൃഷ്ണന്റെ കുടുംബം. ജഡ്ജി കേസിൽ നിന്നും ഊരിപ്പോരാനുള്ള സകലമാന തന്ത്രങ്ങളും പയറ്റുന്നുണ്ട്. തങ്ങളുടെ വാദം കേൾക്കാൻ ഹൈകോടതി കൂട്ടാക്കിയില്ലെന്നും കുടുംബം പറഞ്ഞു.
കേസിൽ 17കാരന്റെ പിതാവായ അഡീഷനൽ സെഷൻസ് ജഡ്ജിയുടെ അറസ്റ്റ് ഹൈകോടതി തടഞ്ഞതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയബാലകൃഷ്ണന്റെ ബന്ധു ജയലക്ഷ്മി. ജുഡീഷ്യൽ ഓഫിസറെ കേൾക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. നിലവിൽ മുൻകൂർ ജാമ്യം കിട്ടല്ലേ ഭഗവാനേ എന്നു മാത്രമാണ് തങ്ങൾ പ്രാർഥിക്കുന്നത്. ഇനിയെല്ലാം ഈശ്വരന്റെ കൈയിലാണ്. സാധാരണക്കാരനാണെങ്കിൽ മുൻകൂർ ജാമ്യത്തിനായി ജില്ലാ കോടതിയെയാണ് സമീപിക്കേണ്ടത്. അക്കാര്യം കോടതിയിൽ ഉന്നയിച്ചു. അതിന് ജഡ്ജി പറഞ്ഞത്, ഗസറ്റഡ് റാങ്കിന് മുകളിലുള്ള വ്യക്തി പ്രതിയായതിനാൽ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതിയിൽ മാത്രമേ കേൾക്കാൻ പറ്റൂവെന്നാണ്. പുലർച്ചെ 2.47 നാണ് കുട്ടി പിതാവായ അഡീഷനൽ ജഡ്ജിയെ ഫോണിൽ വിളിച്ചതെന്നാണ് പറഞ്ഞത്. അതു ശരിയല്ല. തങ്ങൾക്ക് അതിനുള്ള തെളിവ് കിട്ടിയിട്ടില്ല. ഒരു മണിക്കുശേഷം മാത്രമേ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പറയാനാകൂവെന്നും അവർ പ്രതികരിച്ചു.
അഡീഷനൽ ജഡ്ജി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈകോടതി സിംഗ്ൾ ബെഞ്ച് അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്. ജസ്റ്റിസ് കൗസർ എടപ്പഗത്ത് ആണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ജഡ്ജി പൊലീസിന്റെ അന്വേഷണവും ചോദ്യംചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നും എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്നും കോടതി ചോദിച്ചു. അപേക്ഷകൻ നിലവിൽ സേവനത്തിലുള്ള ഒരു ജുഡീഷ്യൽ ഓഫിസറാണെന്നും അദ്ദേഹം നിയമനടപടികളിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു.
പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്നു പറഞ്ഞ കോടതി, തുടർ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ അപേക്ഷകനെ പൊലീസ് അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും നിർദേശിച്ചു. അതേസമയം, കേസിൽ ജഡ്ജിയെ വ്യാഴാഴ്ചയും ചോദ്യം ചെയ്യും. ഉച്ചയോടെ ജില്ല ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബുധനാഴ്ച കൊച്ചി ഹൈകോടതിക്കടുത്തുള്ള പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. താനറിയാതെയാണ് മകൻ കാറുമായി പുറത്തു പോയതെന്ന മുൻനിലപാട് ക്രൈംബ്രാഞ്ചിനുമുന്നിലും ജഡ്ജി ആവർത്തിക്കുകയാണ് ചെയ്തത്. ചേരാനല്ലൂർ പൊലീസിനോടും ഇതുതന്നെയാണ് പറഞ്ഞത്. അന്ന് മൊഴിയായി രേഖപ്പെടുത്തിയിരുന്നില്ല. യൂട്യൂബ് നോക്കിയാണ് കാർ ഓടിക്കാൻ പഠിച്ചതെന്നാണ് പതിനേഴുകാരൻ പൊലീസിന് മൊഴി നൽകിയത്. എന്നാൽ, പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് അന്വേഷണം ഔദ്യോഗിക നടപടിക്രമങ്ങളിലേക്ക് കടന്നത്.