‘എക്സ്പ്രസ് വേകളിൽ 120 കിലോമീറ്റർ സ്പീഡിന് ഇനി പിഴയിടരുത്’, 20 ശതമാനം കൂടി വേഗമെടുത്താലും കണ്ണടയ്ക്കാമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
ന്യൂഡൽഹി: രാജ്യത്തെ എക്സ്പ്രസ് വേകളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് അമിതവേഗത്തിന് പിഴ ഈടാക്കരുതെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. അമിതവേഗത്തിനുള്ള പിഴയുമായി ബന്ധപ്പെട്ട് വലിയ തോതിൽ ആശങ്കകൾ ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ സുപ്രധാന പ്രസ്താവന. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 120 കിലോമീറ്റർ വേഗത്തിന് പുറമേ, ഈ പരിധിയേക്കാൾ 20 ശതമാനം വരെ അധിക വേഗമെടുക്കുന്ന വാഹനങ്ങളെയും പിഴയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ഗഡ്കരി ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം. ഇതിലും കൂടുതൽ വേഗതയിൽ പോകുന്ന വാഹനങ്ങൾക്ക് എതിരെ മാത്രം നടപടി എടുത്താൽ മതിയെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
ഡൽഹി-മുംബൈ എക്സ്പ്രസ് വേ ഉൾപ്പെടെ രാജ്യത്തെ പ്രധാന എക്സ്പ്രസ് വേകളിൽ നിലവിൽ 100-നും 120-നും ഇടയിലാണ് ഔദ്യോഗിക വേഗപരിധി. എന്നാൽ ഇത്തരം മികച്ച റോഡുകളിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർമാർക്ക് അനാവശ്യമായി സ്പീഡ് ചലാനുകൾ ലഭിക്കുന്നത് ഒഴിവാക്കാനാണ് ഈ ഇളവ് നിർദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അമിതവേഗത്തിന്റെ പേരിൽ ചിലർക്ക് റോഡിൽ വെച്ചുതന്നെ നോട്ടീസുകൾ നൽകുന്ന പ്രവണതയുണ്ട്. 120 കിലോമീറ്റർ വരെയാണ് വാഹനത്തിന്റെ വേഗമെങ്കിൽ അവർക്ക് പിഴ നോട്ടീസ് നൽകരുതെന്ന് മന്ത്രി ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു.
നിലവിൽ രാജ്യത്തെ എക്സ്പ്രസ് വേകളിൽ അനുവദിച്ചിട്ടുള്ള ഔദ്യോഗിക വേഗപരിധിയിലുള്ള നിയമപരമായ ഭേദഗതിയല്ല ഇതെങ്കിലും, എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കുള്ള ഒരു മാർഗ്ഗനിർദ്ദേശമായാണ് ഗഡ്കരിയുടെ ഈ പരാമർശം വിലയിരുത്തപ്പെടുന്നത്. മന്ത്രിയുടെ നിർദേശപ്രകാരം 120 കിലോമീറ്റർ വേഗപരിധിയുള്ള പാതകളിൽ 20 ശതമാനം കൂടി ഇളവ് ലഭിക്കുന്നതോടെ, പിഴയില്ലാതെ യാത്ര ചെയ്യാവുന്ന പരമാവധി വേഗം മണിക്കൂറിൽ ഏകദേശം 144 കിലോമീറ്ററായി ഉയരും.