കൈപ്പമംഗലം അപകടം: ‘ദേശീയപാതയിലെ സുരക്ഷ പരിശോധിക്കണം’; നിതിൻ ഗഡ്കരിക്ക് കത്തയച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ കത്തയച്ചു. തൃശൂർ കൈപ്പമംഗലത്തുണ്ടായ വൻ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ.
ദേശീയപാതകളിൽ വാഹനങ്ങൾ അശാസ്ത്രീയമായും നിയമവിരുദ്ധമായും പാർക്ക് ചെയ്യുന്നത് തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കത്തിൽ വ്യക്തമാക്കുന്നു. അപകടസാധ്യത മുന്നറിയിപ്പ് സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും അടിയന്തരമായി പരിശോധനകൾ നടത്തി സുരക്ഷ ഉറപ്പാക്കാൻ ഇടപെടണമെന്നും കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സെപ്റ്റംബർ അഞ്ചിന് കൈപ്പമംഗലം പനമ്പിക്കുന്നിലാണ് തമിഴ്നാട് സ്വദേശികളായ എട്ട് എൻജിനീയറിങ് വിദ്യാർത്ഥികളുടെ ദാരുണമായ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. ഈ അപകടത്തിലേക്ക് നയിച്ച എല്ലാ സാഹചര്യങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ ഗതാഗത സംവിധാനത്തിലും സാമ്പത്തിക വികസനത്തിലും വലിയ മാറ്റം സൃഷ്ടിക്കുന്ന സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയാണ് എൻ.എച്ച്-66 വികസനം. എന്നാൽ നിർമാണം പുരോഗമിക്കുന്ന നിലവിലെ ഘട്ടത്തിൽ താൽക്കാലിക വഴിതിരിച്ചുവിടലുകൾ, വീതികുറഞ്ഞ പാതകൾ, പൂർത്തിയാകാത്ത ഭാഗങ്ങൾ, നിർമാണ മേഖലകൾ എന്നിവയിലൂടെ ദിവസേന ആയിരക്കണക്കിന് ആളുകൾക്ക് സഞ്ചരിക്കേണ്ടിവരുന്നുണ്ട്. ഇത്തരം മേഖലകളിൽ യാത്രക്കാരുടെ സുരക്ഷ മുന്‍നിർത്തിയുള്ള ഗതാഗത നിയന്ത്രണം പൂർണ്ണമായും ഉറപ്പാക്കണമെന്ന് കത്തിൽ ഉറപ്പിച്ചു പറയുന്നു.